canal

കാടുകുറ്റി: കക്കാട് കനാൽ ബണ്ട് തകർന്ന് പാടശേഖരത്തിലേക്കുള്ള ജലസേചനം നിലച്ചു. ചാലക്കുടിപ്പുഴയിൽ നിന്നും വെള്ളമെത്തുന്ന മൈനർ ഇറിഗേഷന്റെ ചെറിയ കനാലാണ് കാലപ്പഴക്കത്താൽ തള്ളിപ്പോയത്. ശനിയാഴ്ച രാത്രി പത്ത് മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഭിത്തി ഇടിയുകയായിരുന്നു. ഇതോടെ കക്കാട് പാടശേഖരത്തിലെ പത്ത് കർഷകർക്കുള്ള വെള്ളം നിലച്ചിരിക്കുകയാണ്. കർഷകർ തയ്യാറാക്കിയ ഞാറ്റടികൾ പറിച്ചു നടുന്ന വേളയിലാണ് ഇത്തരത്തിലെ ദുരിതം. മുപ്പത് ഹെക്ടർ വിസ്തൃതിയുള്ള പാടശേഖരം അവസാനിക്കുന്ന കാതിക്കുടംഅന്നമനട തീരദേശ റോഡിന്റെ സമീപത്തായിരുന്നു കനാൽ പൊട്ടിയത്. ഇവിടെ ഞാറ്റടികൾ പറിച്ചു നടൽ തുടങ്ങിയിട്ടുണ്ട്. ഇനി പത്ത് ദിവസത്തിനകം ഇവ പാടത്തിറക്കിയില്ലെങ്കിൽ കർഷകരുടെ അദ്ധ്വാനം വൃഥാവിലാകും.