ചാലക്കുടി: ദേശീയപാതയോരത്ത് പോട്ട സർവീസ് റോഡിൽ പുല്ലുവെട്ടൽ യന്ത്രത്തിൽ നിന്നും കല്ല് തെറിച്ച് കാറിന്റെ ചില്ല് തകർന്നു. ചൗക്ക കോമ്പാറക്കാരൻ ബാബുവിന്റെ ഭാര്യ ജൂബി ഓടിച്ചിരുന്ന കാറിലേക്കാണ് കല്ലടിച്ചത്. ടാറ്റ നെക്‌സൺ കാറിന്റെ മുൻഭാഗത്തെ ചില്ലാണ് തകർന്നത്. നെറ്റ് കെട്ടി സുരക്ഷിതമാക്കി വേണം മെഷിനിൽ പുല്ല് വെട്ടാൻ എന്ന് നിയമമുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെ എൻ.എച്ച്.എ.ഐ കരാർ നൽകിയ കമ്പനിക്കാരാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലി നടത്തുന്നത്. കാറിന്റെ മുൻ ഭാഗത്തിരുന്ന ബാബുവിന്റെ മകൻ ഭാഗ്യം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ കാരാറുകാരൻ ഉടനെ നഷ്ടപരിഹാരം നൽകി പ്രശ്‌നത്തിൽ നിന്നും തലയൂരി. ഇരുചക്ര വാഹന യാത്രികരുടെ ദേഹത്തും കല്ല് തെറിച്ചു വീണിരുന്നു.