
ചാലക്കുടി: പോട്ട, പടിഞ്ഞാറെ ചാലക്കുടി, വി.ആർ.പുരം, ചേനത്തുനാട് എന്നിവിടങ്ങളിലായി നഗരസഭ പരിധിയിലെ ആദ്യ ദിനത്തിലെ ക്യാമ്പിൽ 700ഓളം നായകൾക്ക് ലൈസൻസ്.
നാടൻ നായ്, ബ്രീഡ് ഇനം, വാണിജ്യ ആവശ്യത്തിന് എന്നീ വിഭാഗങ്ങളിലായാണ് ലൈസൻസ് നൽകിയത്. വാക്‌സിനേഷനും, ചിപ്പ് ഘടിപ്പിക്കലുമാണ് ലൈസൻസ് നൽകുന്ന നടപടിയിൽ നടന്നത്. നായയുടെയും ഉടമസ്ഥന്റെയും വിശദവിവരം ഉൾപ്പെടുത്തിയ മൈക്രോ ചിപ്പാണ് നായയുടെ മേൽ ഘടിപ്പിച്ചത്. ലൈസൻസ് ലഭിച്ച വളർത്തു നായയ്ക്ക് ജീവഹാനി സംഭവിച്ചാലോ കാണാതാവുകയോ, ഉടമസ്ഥൻ മാറുകയോ ചെയ്താൽ 30 ദിവസത്തിനകം നഗരസഭയിൽ അറിയിക്കണമെന്നും, വാണിജ്യ ആവശ്യത്തിനല്ലാതെ വളർത്തുന്നവർ 2 മാസത്തിനുള്ളിൽ സ്വന്തം ചെലവിൽ വന്ധ്യംകരിക്കണമെന്നും നിബന്ധനയുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം പോട്ടയിൽ ടി.ജെ.സനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്.ചിറയത്ത്, കെ.വി.പോൾ, പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, വെറ്ററിനറി ഡോ.മോളി ആന്റണി, ഹെൽത്ത് സൂപ്പർവൈസർ ജോൺ ദേവസ്യ എന്നിവർ പ്രസംഗിച്ചു.