strike

തൃശൂർ: മാള കുണ്ടൂരിൽ പ്രവർത്തിക്കുന്ന ആഭിചാരകേന്ദ്രം അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കള്ളിയാട്ടുതറ രാജീവ് നടത്തുന്ന മഠത്തിലാൻ മുത്തപ്പൻ കാവ് എന്ന കേന്ദ്രത്തിനെതിരെയായിരുന്നു പ്രതിഷേധം. ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ ആഭിചാരക്രിയകൾ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കുണ്ടൂർ പൗരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കേന്ദ്രത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ക്ഷേത്ര മാതൃകയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കഴിഞ്ഞ കൊല്ലം പോക്‌സോ വകുപ്പിൽ രാജീവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ നാണയം വച്ച് പൂജ നടത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇരിങ്ങാലക്കുട ആർ.ഡി.ഒ ഈ കേന്ദ്രം പൊതുശല്യമാണെന്ന റിപ്പോർട്ട് നൽകിയിരുന്നു. ആഭിചാരകേന്ദ്രം പ്രവർത്തിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. വാരാന്ത്യത്തിൽ കൂടുതൽ ആളുകൾ ഇവിടേയ്ക്ക് വരാറുണ്ടെന്നും സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേൾക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.