ചാലക്കുടി: നഗരസഭയിൽ അഴിമതി നടക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയ ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തുമെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഴിമതിയുടെ വ്യാപ്തി അറിയുന്നതിന് സെക്രട്ടറിക്ക് അന്വേഷണച്ചുമതല നൽകിയ ചെയർമാന് ഇനി തൽസ്ഥാനത്ത് തുടരാൻ ധാർമ്മികമായി അവകാശമില്ല. മുൻചെയർമാനടക്കം ഭരണസമിതിയിലെ പലരും അഴിമതി നടത്തിയിട്ടുണ്ട്. ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നോർത്ത് ജംഗ്ഷനിലെ കെട്ടിട സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് മറ്റൊരു കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയതിലും അഴിമതിയുണ്ട്. ടൗൺ ഹാൾ, ഇന്റോർ സ്‌റ്റേഡിയം എന്നിവ ഇനിയും തുറന്നു കൊടുക്കാത്തത് യു.ഡി.എഫ് ഭരണ സമിതിയുടെ ഗുരതരമായ അനാസ്ഥയാണെന്ന്് നേതാക്കൾ പറഞ്ഞു. രണ്ടു വർഷം പൂർത്തിയാക്കുന്ന നഗരസഭ കൗൺസിലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിശദീകരണ യോഗങ്ങൾ ഉൾപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾക്കും തീരുമാനിച്ചിട്ടുണ്ട്. കൺവീനർ ടി.പി. ജോണി, സി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അനിൽ കദളിക്കാടൻ, കേരള കോൺഗ്രസ് എം. മണ്ഡലം പ്രസിഡന്റ് പോളി ഡേവിസ്, എൽ.ജെ.ഡി പ്രസിഡന്റ് എ.എൽ. കൊച്ചപ്പൻ, ജോസ് പൈനാടത്ത്, പോൾ ടി. കുരിയൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.