
തൃശൂർ : എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ നാല് പ്രൊമോഷൻ നിഷേധിച്ച മനുഷ്യത്വരഹിതമായ ഉത്തരവ് റദ്ദ് ചെയ്യാൻ സർവകലാശാല തയ്യാറാകണമെന്ന് ജനാധിപത്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരം ഏഴാം ദിവസവും തുടർന്നു. വൈസ് ചാൻസലറുടെ ചാർജ് വഹിക്കുന്ന കാർഷികോത്പാദന കമ്മിഷണറുടെ നിർദ്ദേശപ്രകാരം സമരാവശ്യങ്ങൾ അന്വേഷിച്ച രജിസ്ട്രാറോട് കെ.എ.യു ആക്ടനുസരിച്ചുള്ള തീരുമാനമെടുക്കണമെന്ന് സംരക്ഷണ സമിതി നേതൃത്വം ആവശ്യപ്പെട്ടു. റിട്ടയർ ചെയ്ത് പോകുന്ന ദിവസം എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയെ ക്രൂശിക്കുന്ന നടപടി സ്വീകരിച്ച മുൻ വൈസ് ചാൻസലർ തികഞ്ഞ പക്ഷപാതിത്വവും ഭീരുത്വവുമാണ് കാണിച്ചതെന്ന് സംരക്ഷണ സമിതി ആരോപിച്ചു. കെ.ആർ.പ്രദീഷ്, പി.കെ.ശ്രീകുമാർ, സി.സുജാത, എൻ.കൃഷ്ണദാസ്, അജിത്, പി.വാസുദേവൻ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.