പാവറട്ടി: കോൾപ്പാടം ടൂറിസം പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിന് ജില്ലാ ടൂറിസം ഡവലപ്പ്‌മെന്റ് കൗൺസിൽ. ടൂറിസ്റ്റുകൾ കർഷകർക്കൊപ്പം ചേർന്ന് ഒരു ദിവസം എന്ന ആശയം മുൻനിറുത്തി വെങ്കിടങ്ങ് പഞ്ചായത്ത് കേന്ദ്രികരിച്ച് ബഹുമുഖ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ആലോചന. നാട് കാണാൻ വരുന്ന ടൂറിസ്റ്റുകൾ കർഷകർക്കൊപ്പം ചെലവഴിക്കുന്നതാണ് പദ്ധതി. ഇവർക്കൊപ്പം ചേർന്ന് മീൻപിടുത്തം, കക്ക വാരൽ, വഞ്ചിയാത്ര, തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടും. സാദ്ധ്യതകൾ പഠിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥ സംഘമെത്തി. പുഴയും പാർക്കും നെൽപ്പാടങ്ങളും ഫാം റോഡുകളും പരമ്പരാഗത കൃഷിരീതികളും സംയോജിപ്പിച്ചുകൊണ്ട് തദ്ദേശവാസികൾക്ക് പ്രയോജനപ്പെടാവുന്ന രീതിയിൽ പദ്ധതിക്ക് രൂപം നൽകുകയാണ് ലക്ഷ്യം.
ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മിഷണർ ശിഖാ സുരേന്ദ്രൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെങ്കിടങ്ങിൽ എത്തിയത്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണുവും മറ്റ് ജനപ്രതിനിധികളും പഠനസംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വെങ്കിടങ്ങിൽ കർഷകനോടൊപ്പം ഒരു ദിവസം എന്ന പദ്ധതി നടപ്പാക്കാനുള്ള സാദ്ധ്യത പരിശോധിക്കും. അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി വാട്ടർ സ്‌പോർട്‌സ് എക്റ്റിവിറ്റികൾ ഏനാമാക്കൽ നെഹ്‌റു പാർക്കിനോട് ചേർന്ന് നടപ്പാക്കുവാൻ കഴിയും.
-ശിഖാ സുരേന്ദ്രൻ
(ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മിഷണർ)