തൃശൂർ: വന്യജീവി ആക്രമണം മൂലം വനാതിർത്തിയിലെ കർഷകർ അനുഭവിക്കുന്ന ദുരിതം അകറ്റാനുള്ള വന്യമിത്ര പദ്ധതി താമസിയാതെ നടപ്പാക്കും. ജൈവ വേലി ഉൾപ്പെടെ ജൈവ പ്രതിരോധ മാർഗങ്ങളാണ് തുടക്കത്തിൽ പരിഗണിക്കുന്നത്. ഇതിന്റെ സാദ്ധ്യത പരിശോധിക്കാൻ കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യവന്യജീവി സംഘർഷം എന്നിവ കുറയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഏജൻസികളും സംയോജിതമായി നടപ്പാക്കുന്ന പദ്ധതി വന്യമൃഗശല്യമുള്ള സ്ഥലങ്ങളിൽ മുൻഗണനാ ക്രമത്തിലാണ് നടപ്പാക്കുക. ഇതിന് ശല്യം കൂടുതലുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്ത് നവംബർ ഒന്നിനുള്ളിൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സമർപ്പിക്കണം. ഇതിനുള്ള യോഗം ഈയാഴ്ച ചേരും. ചാലക്കുടി ഡി.എഫ്.ഒയാണ് നിർവഹണ ഓഫീസർ. പദ്ധതിക്കായി പഞ്ചായത്തുകൾ മാറ്റിവയ്‌ക്കേണ്ട വിഹിതം എത്രയെന്ന് ഈ യോഗത്തിന് ശേഷം തീരുമാനിക്കും. പദ്ധതി ഏകോപനം ജില്ലാ പ്ലാനിംഗ് ഓഫീസർ നിർവഹിക്കും. ജില്ലയിൽ വനാതിർത്തിയുള്ള പഞ്ചായത്തുകൾ മാത്രം 23 എണ്ണമുണ്ട്.
തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി ഔഷധസസ്യമായ പതിമുകം വച്ചു പിടിപ്പിക്കലും തേനീച്ച വളർത്തലും നടത്തും. പാണഞ്ചേരി പഞ്ചായത്തിലാണ് പതിമുകം നടുക. വരന്തരപ്പിള്ളി പഞ്ചായത്തിൽ പതിമുകം നടീലും തേനീച്ച വളർത്തലും നടപ്പാക്കും.
പദ്ധതിക്കായി ഫണ്ട് നീക്കിവയ്ക്കാത്തവർ അതിനുള്ള നടപടി സ്വീകരിക്കാൻ യോഗം നിർദ്ദേശിച്ചു. കൂടുതൽ ഫണ്ട് നീക്കി വയ്ക്കുന്നത് ജില്ലാ പഞ്ചായത്ത് പരിഗണിക്കുമെന്ന് പ്രസിഡന്റ് പി.കെ. ഡേവിസ് അറിയിച്ചു. വനാതിർത്തിയുള്ള പ്രദേശങ്ങളിൽ എം.എൽ.എ ഫണ്ട് പ്രയോജനപ്പെടുത്തുന്നത് അവരുടെ ശ്രദ്ധയിൽ പെടുത്താനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.എസ്. പ്രിൻസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരൻ, അശ്വതി വി.ബി, പി.പി. രവീന്ദ്രൻ, എൻ.എസ്. മായ, എം.കെ പദ്മജ തുടങ്ങിയവർ പങ്കെടുത്തു.
നടപ്പാക്കാവുന്ന മറ്റ് കാര്യങ്ങൾ
സൗരോർജ്ജ, ജൈവ വേലികൾ
കിടങ്ങുകൾ, സെൻസർ അലാറം, ലൈറ്റ്
മുന്നറിയിപ്പ് സംവിധാനങ്ങൾ
ബോധവത്കരണം
കൃത്യമായ മാലിന്യ സംസ്‌കരണം
മൃഗങ്ങളുടെ സ്വഭാവമാറ്റം പഠിച്ച് നടപടിയെടുക്കൽ
പദ്ധതിയിലെ പങ്കാളികൾ
വനാതിർത്തിയുള്ള തദ്ദേശസ്ഥാപനങ്ങൾ
കൃഷിവകുപ്പ്, വനം വകുപ്പ്, കെ.എസ്.ഇ.ബി
വന സംരക്ഷണ സമിതികൾ ഉൾപ്പെടെ സന്നദ്ധ സംഘടനകൾ