1

തൃശൂർ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷി മന്ത്രിയും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായുള്ള 'കൃഷിദർശൻ' സംസ്ഥാനത്ത് ആദ്യമായി തൃശൂരിൽ.

ഒല്ലൂക്കര ബ്‌ളോക്ക് തലത്തിൽ ഒക്ടോബർ 26ന് നടക്കുന്ന കൃഷിദർശൻ പരിപാടിക്ക് മുന്നോടിയായി കർഷകർക്ക് പരാതികൾ ഓൺലൈനായി ശേഖരിച്ചു. ഗൃഹസന്ദർശനം, ഭവനകൂട്ടായ്മ, കാർഷിക സാംസ്‌കാരിക പരിപാടികൾ, വിളവെടുപ്പ് ഉത്‌സവങ്ങൾ, കൃഷിക്കൂട്ട സംഗമങ്ങൾ, മാതൃകാഹരിതപോഷക ഗ്രാമങ്ങളുടെ പ്രഖ്യാപനം തുടങ്ങിയവയാണ് 'കൃഷിദർശന്റെ' ഭാഗമായി നടപ്പാക്കുന്നത്. 25 മുതൽ കാർഷികപ്രദർശനവുമുണ്ടാകും.

കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും കൃഷി മന്ത്രി പി. പ്രസാദ് നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തും. കാർഷിക മേഖലയിലെ സാദ്ധ്യതകൾ, ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാർഷിക പ്രശ്‌നങ്ങൾ, നടത്തിപ്പു പ്രശ്‌നങ്ങൾ എന്നിവയുടെ അവലോകനവുമുണ്ടാകും. കർഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്‌നങ്ങൾ മനസിലാക്കുന്ന കാർഷിക അദാലത്തും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാർഷികമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ വിലയിരുത്തും. ഈ സാമ്പത്തികവർഷം സംസ്ഥാനത്തെ 28 ബ്ലോക്കുകളിൽ പരിപാടി സംഘടിപ്പിക്കാനായിരുന്നു ലക്ഷ്യം. ഏകോപനത്തിനായി പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചിരുന്നു. ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളിലും വിളംബരജാഥയും നടത്തിയിരുന്നു.

കൊഴുപ്പേകാൻ പ്രദർശനവും

മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ പ്രദർശനമേളയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേരള കാർഷിക സർവകലാശാലയും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും പങ്കെടുക്കും. 40 ഓളം സ്ഥാപനങ്ങളുടെ കാർഷികമൂല്യവർദ്ധിത ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. 29ന് കൃഷിദർശന് സമാപനമാകും.

നടപടിക്രമങ്ങൾ, ഗുണങ്ങൾ

കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ കൃഷിമന്ത്രി ആശയവിനിമയം നടത്തും.
കൃഷി ഭവൻ പരിധിയിൽ 50 പേർ ഉൾപ്പെടുന്ന സംഘത്തെ 7 ടീമുകളായി തിരിക്കും
ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും കൃഷിഭവനെ സ്മാർട്ടായും പ്രഖ്യാപിക്കും.

കൃഷിദർശന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ഒരുക്കങ്ങളുടെ മുന്നോടിയായി കർഷകരുടെ പരാതികൾ സ്വീകരിച്ചിരുന്നു. മികച്ച പ്രതികരണമാണ് കർഷകരിൽ നിന്ന് ലഭിക്കുന്നത്.

- കെ.കെ. സിനിയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശൂർ