മണലൂർ തൃക്കുന്നത്ത് എസ്.സി വ്യവസായ കേന്ദ്രത്തിനുള്ളിലെ കണ്ടംതള്ളിയ പാളനിർമ്മാണ - തയ്യൽ യന്ത്രങ്ങൾ.
മണലൂർ എസ്.സി വ്യവസായ കേന്ദ്രം പൊതുപരിപാടി കേന്ദ്രമായി
കാഞ്ഞാണി: മണലൂർ പഞ്ചായത്ത് തൃക്കുന്നത്തെ എസ്.സി വ്യവസായ കേന്ദ്രത്തിലേക്ക് ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ പാളനിർമ്മാണ യന്ത്രങ്ങളും തയ്യൽ യന്ത്രങ്ങളും വ്യവസായ കേന്ദ്രത്തിന്റെ ഉള്ളിൽ നിന്ന് കണ്ടംതള്ളി. വ്യവസായ കേന്ദ്രം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പൊതുപരിപാടി കേന്ദ്രമാക്കി മാറ്റി. എസ്.സി വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 39 സെന്റ് ഭൂമിയിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം 2005- 2010 കാലയളവിൽ 3.84 ലക്ഷം ചെലവഴിച്ച് പാളപാത്ര നിർമ്മാണ യന്ത്രങ്ങൾ വാങ്ങി 30 എസ്.സി വനിതകൾക്ക് പരിശീലനം ആരംഭിച്ചെങ്കിലും പാളയുടെ ക്ഷാമം പറഞ്ഞ് പദ്ധതി അവസാനിപ്പിച്ചു.
തുടർന്ന് വനിതാ വ്യവസായ കേന്ദ്രത്തിലേക്ക് വാങ്ങിയ തയ്യൽ യന്ത്രങ്ങൾ ഇവിടേക്ക് കൊണ്ടുവന്ന് വനിതകൾക്ക് തയ്യൽ പരിശീലനം നൽകി തുണിസഞ്ചി നിർമ്മാണ യൂണിറ്റ് തുടങ്ങിയെങ്കിലും അതും മുന്നോട്ടുപോയില്ല. അതോടെ കേന്ദ്രം പൂട്ടിക്കെട്ടേണ്ട നിലയിലായി. പിന്നീട് അടഞ്ഞുകിടക്കുന്ന വ്യവസായ കേന്ദ്രത്തിന് ലക്ഷങ്ങളാണ് മുൻ ഭരണസമിതി ചെലവഴിച്ചത്. കേന്ദ്രത്തിൽ പത്ത് തയ്യൽ യന്ത്രങ്ങൾ ഉണ്ടായിരുന്നതിൽ ചിലത് മോഷണം പോയെന്നും ഇനി മൂന്നെണ്ണമാണ് ബാക്കിയുള്ളതെന്നും പറയുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ യന്ത്രങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. അധികാരികൾ ഇനിയെങ്കിലും പ്രശ്നത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊവിഡ് സെന്ററിന് വേണ്ടി സൗകര്യം ഒരുക്കുന്നതിനായാണ് യന്ത്രങ്ങൾ താത്കാലിക ഷെഡിലേക്ക് മാറ്റിയത്. ഇപ്പോഴത്തെ ഭരണസമിതിക്ക് കേന്ദ്രം കൈമാറിയപ്പോൾ മുതൽ യന്ത്രങ്ങളെല്ലാം ഉപയോഗശൂന്യമായിരുന്നു.
പി.ടി. ജോൺസൺ.
പഞ്ചായത്ത് പ്രസിഡന്റ്