തൃശൂർ: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തട വികസനം ലക്ഷ്യമിട്ടുള്ള നീരുറവ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. ഹരിതകേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നീരുറവ് നടപ്പാക്കുന്നത്.
പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഓരോ നീർത്തടത്തിലും 50 വീടുകളെ വീതം ഉൾപ്പെടുത്തിയുള്ള അയൽക്കുട്ട യോഗങ്ങൾ നവംബർ 30നകം ചേരാൻ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.
നീരുറവ് പദ്ധതി ജനകീയ കാമ്പയിനാക്കി മാറ്റാൻ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. ബ്ലോക്ക് തല യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഓരോ ഗ്രാമപഞ്ചായത്തിലെയും നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി നീർച്ചാലുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികൾ ഉൾപ്പെടുത്തി സമഗ്രമായ പദ്ധതിരേഖ തയ്യാറാക്കും. 2023 24 സാമ്പത്തിക വർഷത്തേക്കുള്ള തൊഴിലുറപ്പ് പദ്ധതിയുടെ ബഡ്ജറ്റ്, വാർഷിക പദ്ധതി രൂപീകരണവും ചർച്ച ചെയ്തു.
യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ - ഓർഡിനേറ്റർ എം.കെ. ഉഷ, ഒല്ലൂക്കര ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ: കെ.ഇ. ഉണ്ണി എന്നിവർ ക്ലാസെടുത്തു.