 
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററും സമർപ്പണ ചടങ്ങ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ 30 വർഷത്തിന് ശേഷം ഗൈനക്കോളജി വിഭാഗം പ്രവർത്തന സജ്ജമായി. നവീകരിച്ച പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററും ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി നാടിന് സമർപ്പിച്ചു. താലൂക്ക് ആശുപത്രിയുടെ പ്രാധാന്യം മനസിലാക്കിയാണ് ഗൈനക്കോളജി വിഭാഗം കാര്യക്ഷമമാക്കാനുളള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചത്. പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിൽ ഒന്നാണിത്. ആ പ്രാധാന്യം മനസിലാക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗൈനക്കോളജി വിഭാഗം യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ഏകദേശം 50 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സജിത രാജീവൻ, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. അൽജോ പുളിക്കൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടെസി ഫ്രാൻസിസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു