പാവറട്ടി: ഏനാമ്മാവ് കായലിലെ പള്ളിക്കടവിൽ സ്വകാര്യ വ്യക്തികൾ നികത്തിയ ഭാഗം ഇനിയും പൂർവസ്ഥിതിയിലാക്കിയില്ല. കായൽ പൂർവസ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും അധികൃതർക്ക് നിസംഗ മനോഭാവം. കായൽ പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് കെ.എസ്.കെ.ടി.യു മണലൂർ ഏരിയ കമ്മിറ്റിയാണ്. കെ.എസ്.കെ.ടി.യു പ്രതിഷേധ സമരം നടത്തിയിട്ട് മാസങ്ങളായിട്ടും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കളക്ടർ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം നേതാവ് കൂടിയായ എൻ.ആർ. ബാലൻ ആവശ്യപ്പെട്ടിരുന്നു.
വെങ്കിടങ്ങ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും സ്വകാര്യ വ്യക്തികൾ നികത്തൽ തുടർന്നു. കെ.എസ്.കെ.ടി.യുവും വെങ്കിടങ്ങ് പഞ്ചായത്തും റവന്യൂ അധികാരികൾക്ക് പരാതി നൽകിയിരുന്നു. സ്ഥിരം പുഞ്ചയാണ് ഈ പ്രദേശം. കേരള സർക്കാരിന്റെ തണ്ണീർത്തട നിയമം നിലനിൽക്കുമ്പോഴാണ് ഏനാമ്മാവ് കായൽ നികത്തുന്നത്. ഇത്തരത്തിൽ മാറ്റാനോ നികത്താനോ അനുമതി ഇല്ലാത്തതുമാണ്. സ്വകാര്യ വ്യക്തികൾക്ക് മണലെടുക്കാനും നിലവിൽ അവകാശമില്ല. ഇവിടെയാണ് യന്ത്രവും മറ്റും ഉപയോഗിച്ച് ഇത്രയും മണ്ണ് എടുത്ത് വ്യാപകമായ നികത്തൽ നടന്നത്. ഒട്ടേറെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ് ഈ പ്രവൃത്തി. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും പ്രളയം, മത്സ്യങ്ങളുടെ പ്രജനനം, വെള്ളത്തിന്റെ സംഭരണ ശേഷി, മത്സ്യത്തൊഴിലാളികളുടെ തൊഴിൽ മേഖല കുറവ് ഇവയെയെല്ലാം ബാധിക്കുന്നതാണ്. വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധം ശക്തമാക്കാനാണ് കെ.എസ്.കെ.ടി.യുവിന്റെ നീക്കം.
നികത്തിയത് ഹിറ്റാച്ചി ഉപയോഗിച്ച്
ഏനാമ്മാവ് കായലിൽ നിന്ന് തന്നെ വലിയ ജങ്കാറിൽ ഹിറ്റാച്ചി ഉപയോഗിച്ചാണ് എക്കലും ചളിയും എടുത്ത് കുറേഭാഗം നികത്തിയത്. വെങ്കിടങ്ങ്, ഇരിമ്പ്രനെല്ലൂർ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഏക്കറോളം ഭാഗമാണ് ഇതിനകം നികത്തിയത്. പഞ്ചായത്തിലെ ദ്വീപായ കോലുമാട് സ്വകര്യവ്യക്തി റിസോർട്ടാക്കി പരിവർത്തനം നടത്തുന്നതിന്റെ ഭാഗമായാണ് ഈ കൈയേറ്റം എന്നാണ് അറിയുന്നത്.