ചാലക്കുടി: മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി റോഡിനു കുറുകെ ജല അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികൾ ഈ മാസം 25ന് ആരംഭിക്കുന്നതിന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധി
ഉന്നത ഉദ്യോഗസ്ഥ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. റോഡിന്റെ വശങ്ങളിലായുള്ള പൈപ്പുകൾ നവംബർ പകുതിയോടെ സ്ഥാപിക്കും. ഇതിനു ജല അതോറിറ്റി തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ എം.എൽ.എ പറഞ്ഞു.
റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകുന്നതിൽ വിമുഖത കാട്ടുന്നവരുമായി പ്രദേശത്തെ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ച നടത്തുവാനും ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചാലക്കുടി നിയോജക മണ്ഡലത്തിൽ നടത്തുന്ന മറ്റു പദ്ധതികളെക്കുറിച്ചും വിശകലനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ മായാ ശിവദാസ്, എം.എസ്. സുനിത, ലതിക ശശികുമാർ,നഗരസഭ കൗൺസിലർമാരായ ജോർജ് തോമസ് , സി. ശ്രീദേവി, സുധ ഭാസ്‌കരൻ, ജിതി രാജൻ, കിഫ്ബി എക്‌സിക്യൂട്ടീവ് എൻജിനിയർ ബിന്ദു പരമേശ്, ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.കെ. വാസുദേവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ചർച്ചകൾ നടന്ന മറ്റു പ്രവൃത്തികൾ

പൂവത്തിങ്കൽ-വേളൂക്കര റോഡ്.
മോതിരക്കണ്ണി-ചന്ദനക്കുന്ന് റോഡ്.
പാറക്കൂട്ടം ബ്രിഡ്ജ് കെ.എസ്.ആർ.ടി.സി റോഡ്.