കയ്പമംഗലം: ഊർജ ഉത്പാദന രംഗത്ത് പെരിഞ്ഞനം പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പെരിഞ്ഞനോർജം പദ്ധതിയെക്കുറിച്ച് പഠിക്കാനായി തമിഴ്‌നാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ പെരിഞ്ഞനം പഞ്ചായത്തിലെത്തി. പെരിഞ്ഞനം മാതൃകയിൽ തമിഴ്‌നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട 37 പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ഈ പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റുമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന 50 അംഗ സംഘമാണ് പഞ്ചായത്തിലെത്തിയത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് പദ്ധതി വിശദീകരിച്ചു. റൂഫ് ടോപ് സോളാർ സ്ഥാപിച്ചിട്ടുള്ള വീടുകളിലും സംഘം സന്ദർശനം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് ഊർജ സംരക്ഷണ മേഖലയിൽ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് പെരിഞ്ഞനോർജ്ജം പുരപ്പുറ സോളാർ വൈദ്യുത പദ്ധതി. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, മുൻ പ്രസിഡന്റ് കെ.കെ. സച്ചിത്ത് തുടങ്ങിയവർ സംസാരിച്ചു.