അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ 64 പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി മൃഗ സംരക്ഷണ, വനം വകുപ്പുകൾ. ഒരു ഫാമിലെ പന്നികളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ പന്നികളെയും ദയാവധവും ശാസ്ത്രീയമായ മറവു ചെയ്യലും നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമ്മ സേനയാണ് ദയാവധം നടത്തിയത്. ഫാമിൽ അണുനശീകരണം നടത്തുകയും ചെയ്തു. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ബുധനാഴ്ച അണുനശീകരണം നടത്തും.
മൂന്ന് മാസക്കാലം മേഖലയിലെ മറ്റു ഫാമുകളിലെ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഫ്രാൻസിസ് ബാസ്റ്റിൻ അറിയിച്ചു.
മുൻകരുതലുകൾ
ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണം. പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയാകും. അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, മറ്റത്തൂർ, മേലൂർ, കൊരട്ടി പഞ്ചായത്തുകൾ നിരീക്ഷണ മേഖലയിൽപ്പെടും.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും വിൽപ്പനശാലകളുടെ പ്രവർത്തനവും നിർത്തിവയ്ക്കും. ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശനമാർഗങ്ങളിലും പരിശോധനയുണ്ടാകും.