തൃശൂർ: തൃശൂർ - പാലക്കാട് പാതയിലെ വാഹനങ്ങളുടെ മിന്നൽവേഗവും കാമറകളും സിഗ്‌നലും മതിയായ വെളിച്ചവുമില്ലാത്തതും അപകടം കൂട്ടുന്നു. ജംഗ്ഷനുകളിലും ക്രോസിംഗുകളിലുമാണ് അപകടമേറെ. അപകടസാദ്ധ്യതയുള്ള പൊലീസിന്റെ ഹോട്ട്‌സ്‌പോട്ടുകളിലെല്ലാം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
കാൽനടയാത്രികരും ഇരുചക്രയാത്രികരുമാണ് അപകടങ്ങളിൽ പെടുന്നവരിലേറെയും. ചുവന്നമണ്ണും കല്ലിടുക്കും മുടിക്കോടുമെല്ലാം അപകടങ്ങളൊഴിയുന്നത് തലനാരിഴയ്ക്കാണ്. വരുന്ന വാഹനങ്ങളുടെ വേഗം മനസിലാക്കാതെ റോഡ് മുറിച്ചുകടക്കുന്ന സ്ത്രീകളും വൃദ്ധരുമാണ് അപകടങ്ങളിലേറെയും പെടുന്നത്. മണ്ണുത്തി കഴിഞ്ഞാൽ വാണിയമ്പാറ വരെ വെളിച്ചം നന്നേ കുറവാണ്.
വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം കാരണം വാഹനങ്ങൾ കാണാനാവാതെ അപകടത്തിൽപെടുന്നവരും ഏറെയുണ്ട്.
വളരെയേറെ തിരക്കുള്ള മുടിക്കോട് ജംഗ്ഷനിൽ ഒട്ടുമിക്ക ദിവസങ്ങളിലും അപകടം സംഭവിക്കുന്നുണ്ട്. ഇവിടെ മേൽപ്പാലമല്ലാതെ മറ്റൊരു പോംവഴിയുമില്ല. ദേശീയപാതയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായതോടെ റോഡിന്റെ ഗുണനിലവാരം കൂടി. ഇതോടെ, വാഹനങ്ങളുടെ വേഗവും കൂടി. അതേസമയം, സിഗ്‌നൽ സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടിട്ടില്ല.
എന്നുവരും കാമറകൾ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറ വരുമെന്ന പാഴ് വാക്ക് കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മണ്ണുത്തി കഴിഞ്ഞാൽ വാണിയമ്പാറയിൽ മാത്രമാണ് കാമറയുള്ളത്. മണ്ണുത്തി ഭാഗത്ത് റോഡപകടം കൂടുതലായി സംഭവിക്കുന്നതിനാൽ ഹൈവേ പൊലീസിന്റെ ആംബുലൻസ് മണ്ണുത്തി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ആംബുലൻസിന് പിന്നാലെ പെരുവിരലുമായി ഹൈവേ പൊലീസ്
സർവീസ് റോഡുകൾ പോലും അപകടകരമാണെന്ന് തെളിയിക്കുന്നതോടൊപ്പം പൊലീസിന്റെ ജാഗ്രതയും നന്മയും അടിവരയിടുന്നതായിരുന്നു മണ്ണുത്തി നടത്തറ സർവീസ് റോഡിന് സമീപം കഴിഞ്ഞദിവസമുണ്ടായ അപകടം. രാത്രി എട്ടിനായിരുന്നു തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ വാഹനാപകടം. ഉടൻ ഹൈവേ പട്രോളിംഗ് വാഹനമെത്തി. ചായക്കട നടത്തുന്ന ശ്രീകൃഷ്ണനഗർ കല്ലവേലി വീട്ടിൽ രാജനാണ് പരിക്കേറ്റത്. ടോറസ് ലോറി കാൽപാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. രാജനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. തുടർന്ന്, ഹൈവേ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ.മധുവും സംഘവും ടോർച്ച് തെളിയിച്ച് പരിശോധിച്ചപ്പോഴാണ് ചോരപുരണ്ട ചെരുപ്പിൽ കാൽവിരൽ അറ്റുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം കാൽവിരൽ, ഐസ് ക്യൂബ് നിറച്ച പോളിത്തീൻ ബാഗിലിട്ട് ആശുപത്രിയിലെത്തിച്ചു. ഉടൻ ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കാനുമായി. മാതൃകാപരമായി പ്രവർത്തിച്ച സബ് ഇൻസ്‌പെക്ടർ കെ.കെ.മധു, സിവിൽ പൊലീസ് ഓഫീസർമാരായ വി.സി.രജീഷ്, കെ.പി.ജിന്റോ, പി.സജിത്ത്, വി.രാഹുൽ, പി.ആർ.ഗോകുൽ എന്നിവർക്ക് അഭിനന്ദനമർപ്പിക്കുകയാണ് സിറ്റി പൊലീസും നാട്ടുകാരും.
വെട്ടിലാകുന്നതും പൊലീസ്
അപകടകരമായ വേഗത്തിൽ പോകുന്ന വാഹനങ്ങൾ പൊലീസ് കൈകാണിച്ചാൽ പോലും നിറുത്തില്ല.
കാമറകളില്ലാത്തതിനാൽ ചീറിപ്പായുന്നതും അപകങ്ങളുണ്ടാക്കുന്നതുമായ വാഹനങ്ങളുടെ വേഗം കണ്ടെത്താനാവുന്നില്ല.
അപകടം സംഭവിക്കുമ്പോൾ കുറ്റവാളികളെ കണ്ടെത്തുന്നത് റോഡിന് സമീപമുള്ള കടകളിലെ കാമറകൾ നോക്കി