 
തൃശൂർ: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യമതിൽ, റാലി, ഫ്‌ളാഷ് മോബ് ഉൾപ്പെടെയുള്ള പരിപാടികൾ നടന്നു. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ എൻ.എസ്.എസ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി. 165 പേർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. നെടുപുഴ വുമൺ പോളിടെക്‌നിക്കിലെ അനീഷ്മ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ടി.എസ്.ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. മണ്ണുത്തി, ഡോൺബോസ്‌കോ സ്‌കൂൾ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി.നാട്ടിക എസ്.എൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ നൃത്തശില്പം അരങ്ങേറി.എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ആർ.എൻ.അൻസാർ മുഖ്യാതിഥിയായി. കോ ഓർഡിനേറ്റർ എം.വി.പ്രതീഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.പ്രേംകൃഷ്ണ, ഇന്ദിര മോഹൻ, പി.എസ്.വിനയൻ തുടങ്ങിയവർ പങ്കെടുത്തു.