fahad-

തൃശൂർ: ഭിന്നശേഷിക്കാരനായ മകന്റെ ദേഹത്ത് തുണികൾ ചുറ്റിക്കെട്ടി ഡീസലൊഴിച്ച് തീ കൊളുത്തി പിതാവ് കൊലപ്പെടുത്തി. ക്രൂരകൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കേച്ചേരി പട്ടിക്കര രായംമരയ്ക്കാർ വീട്ടിൽ സുലൈമാനാണ് (52) ഇന്നലെ രാവിലെ ഒമ്പതരയോടെ മകൻ ഫഹദിനെ (28) കൊലപ്പെടുത്തിയത്. ഓട്ടിസം ബാധിതനാണ്. സംസ്‌കാരം ഇന്ന് നടക്കും.

മകന്റെ രോഗം കാരണം സാമ്പത്തികമായും മാനസികമായും അനുഭവിക്കുന്ന പ്രയാസം കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സുലൈമാന്റെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികൾ ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ തീപിടിച്ച നിലയിൽ ഫഹദിനെ കണ്ടു. കേച്ചേരി ആക്ട്‌സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. മകനെ തീകൊളുത്തിയ ശേഷം സുലൈമാൻ പുറത്തിറങ്ങി റോഡിലൂടെ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പട്ടിക്കര ജുമാ മസ്ജിദിൽ തൂപ്പുജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. ഭാര്യ ഷെറീന. മക്കളായ തനൂജയും തസ്‌നിയും വിവാഹിതരാണ്.