അതിരപ്പിള്ളി: ആഫ്രിക്കൻ ആന്ത്രാക്‌സ് പിടിപെട്ടതോടെ ദയാവധം നടത്തി പന്നികളെ സംസ്‌കരിച്ച അതിരപ്പിള്ളി വെട്ടിക്കുഴിയിലെ ഫാമിൽ അഗ്നിശമന സേന അണുനശീകരണം നടത്തി. ചാലക്കുടി ഫയർഫോഴ്‌സ് യൂണിറ്റ് അംഗങ്ങൾ പി.പി.ഇ കിറ്റ് ധരിച്ച് ഇന്നലെ ഉച്ചയോടെയാണ് അണു നശീകരണത്തിനെത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമ്മസേനയാണ് ചൊവ്വാഴ്ച ദയാവധവും ജഡങ്ങൾ മറവ് ചെയ്യലും നടത്തിയത്. ഫയർഫോഴ്‌സിന്റെ അണുനശീകരണത്തോടെ ഫാമിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയായി. സുരക്ഷ മുൻനിറുത്തി പത്തു കിലോമീറ്റർ ചുറ്റളവിലെ പന്നിയിറച്ചി വിപണനം ആരോഗ്യ വകുപ്പ്് തടഞ്ഞിട്ടുണ്ട്. പുല്ലാർക്കാട്ട് സുരേഷ് എന്നയാളുടെ ഫാമിലാണ് 64 പന്നികൾ രോഗം പിടിപെട്ടത്. അതിരപ്പിള്ളി പഞ്ചായത്തിന്റെ ലൈസൻസോടെയാണ് രണ്ടു വർഷമായി ഫാം പ്രവർത്തിക്കുന്നത്.