ചാലക്കുടി: ടൗൺ കേന്ദ്രികരിച്ച് നടത്തുന്ന അനധികൃത വഴിയോര കച്ചവടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മാർക്കറ്റിനകത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ നഗരസഭാ ചെയർമാന് കത്ത് നൽകി. പ്രസിഡന്റ് ജോയ് മൂത്തേടന്റെ നേതൃത്വത്തിൽ ചെയർമാൻ എബി ജോർജിനാണ് കത്ത് നൽകിയത്. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, മുനിസിപ്പൽ സെക്രട്ടറി എം.എസ്. ആകാശ് എന്നിവരേയും കണ്ട് വ്യാപരികൾ വിവരം ധരിപ്പിച്ചു. ഇതുസംബന്ധിച്ച്് പലവട്ടം പരാതികൾ നൽകിയെങ്കിലും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്തുവാനുള്ള തീരുമാനമെന്ന് വ്യാപാരികൾ പറഞ്ഞു. ജനറൽ സെക്രട്ടറി റെയ്‌സൺ ആലുക്ക, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.