ചാലക്കുടി: ദേശീയ നിർവാഹക സമതിയംഗം ജോസ് ജെ.പൈനാടത്തിനെതിരെ നഗരസഭാ ഭരണ സമിതി ഉന്നയിച്ച ആരോപണം ബാലിശവും അടിസ്ഥാന രഹിതവുമാണെന്ന് ജനതാദൾ എസ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. നഗരസഭയിൽ തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനും താൻ അക്കമിട്ട് ഉന്നയിച്ച അഴിമതികൾക്ക് മറുപടി പറയാൻ കഴിയാതെ വന്ന നഗരസഭാ നേതൃത്വം, പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ജോസ് പൈനാടത്ത് യോഗത്തിൽ വ്യക്തമാക്കി. നഗരസഭയിൽ അഴിമതി നടക്കുന്നുവെന്ന് ചെയർമാൻ ഔദ്യോഗികമയി വെളിപ്പെടുത്തിയ സഹചര്യത്തിൽ ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് പ്രസിഡന്റ് ഷോജൻ ഡി. വിതയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് പോൾ പുല്ലൻ, ഉണ്ണി നാനാട്ടി, കെ. പ്രകാശൻ , ഷൈൻ ചെപ്പണത്ത്, തോമാസ് മുല്ലക്കര, സി. ജോയി, കെ.വി. ശിവദാസൻ, കെ.പി. പ്രതീഷ്, സജോ പുനത്തിൽ എന്നിവർ സംസാരിച്ചു.