ചാലക്കുടി: നഗരസഭയിലെ ഉദ്യോഗസ്ഥരെ അഴിമതിക്കാരായി ചിത്രീകരിക്കുന്ന ചെയർമാൻ എബി ജോർജിന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി യൂണിയനുകൾ. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എമ്മിന്റെ കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ യോഗമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരെ മൊത്തത്തിൽ ആക്ഷേപിക്കും വിധമുള്ള ചെയർമാന്റെയും മറ്റും പ്രസ്താവനകൾ ശരിയല്ല. ഇതു സംബന്ധിച്ച് ഔദ്യോഗികമായി ചെയർമാന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ അസോസിയേഷനും ഭരണസമിതിയുടെ ഇത്തരം പ്രവൃത്തികളിൽ അമർഷത്തിലാണ്.