ചാലക്കുടി: നിയോജകമണ്ഡലം പരിധിയിലുള്ള കനാലുകളിലൂടെ നവംബർ മാസം അവസാനത്തോടെ പൂർണതോതിൽ ജലവിതരണം ആരംഭിക്കാൻ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനുമുന്നോടിയായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ച് ചേർത്ത് കനാലുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും ജലത്തിന്റെ ഒഴുക്കിനു തടസം സൃഷ്ടിയ്ക്കുന്ന വസ്തുക്കളും നീക്കം ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു. വിവിധ ഇറിഗേഷൻ വകുപ്പുകളുടെ അവലോകന യോഗത്തിലായിരുന്നു തീരുമാനങ്ങൾ. ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാനും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ലാലി ജോർജ്, പി.വി. സിനി, ജി. ശ്രീരേഖ, സിന്ധു ഉണ്ണി, അസിസ്റ്റന്റ് എൻജിനിയർമാരായ എം.യു. നിസാർ, വി.പി. മുഹമ്മദ് റമീസ്, കെ.ആർ. ആര്യ, കെ.സി. അംബിക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.