ഇരിങ്ങാലക്കുട: ഭരണസ്തംഭനം ആരോപിച്ച് വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടു. യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് എട്ടും ബി.ജെ.പിയ്ക്കും രണ്ടും അംഗങ്ങളുള്ള പഞ്ചായത്തിൽ ഇത് രണ്ടാം തവണയാണ് കോൺഗ്രസ് അംഗങ്ങൾ ഇപ്പോഴത്തെ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്ന് പരാജയപ്പെടുന്നത്.
രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ അവിശ്വാസം വിജയിക്കൂ എന്നിരിക്കെ ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് എത്തിയില്ല. ഇരിങ്ങാലക്കുട, മാള, ആളൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി വൻ പൊലീസ് കാവലിലാണ് അവിശ്വാസ പ്രമേയ ചർച്ച നടന്നത്.
രാവിലെ 11ന് ആരംഭിച്ച ചർച്ച അവസാനിച്ചത് ഉച്ചയ്ക്ക് ഒന്നോടെയാണ്. ബിബിൻ ബാബു അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് അടക്കം ഒമ്പത് പേർ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ എട്ട് യു.ഡി.എഫ് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസാക്കാൻ ആവശ്യമായ പത്ത് വോട്ട് ലഭിക്കാത്തതിനെ തുടർന്ന് പ്രമേയം തളളിയതായി വരണാധികാരിയും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ ദിവ്യ കുഞ്ഞുണ്ണി പ്രഖ്യാപിച്ചു. അവിശ്വാസപ്രമേയം എന്തിനാണെന്ന് അറിയില്ലെന്നും കോൺഗ്രസിന്റെ തുടർച്ചയായ അവിശ്വാസം പ്രഹസനമായി മാറുകയാണെന്നും പ്രഖ്യാപനത്തിന് ശേഷം പ്രസിഡന്റ് കെ.എസ്. ധനീഷ് പറഞ്ഞു.
ഭരണ സ്തംഭനത്തിനെതിരെയുള്ള സമരം തുടരും: കോൺഗ്രസ്
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള പ്രസിഡന്റിന്റെ നയത്തിനെതിരെയും പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെയുമുള്ള സമരം തുടരുമെന്നും, അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും എൽ.ഡി.എഫ് വിട്ടുനിന്നത് തങ്ങളുടെ മെമ്പർമാർ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന തിരിച്ചറിവിൽ നിന്നാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയൻ പറഞ്ഞു. എൽ.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ടാണ് മറനീക്കി പുറത്ത് വന്നതെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാറ്റോ കുരിയൻ ആരോപിച്ചു.