കുന്നംകുളം: നഗരസഭയുടെ ലഹരി വിരുദ്ധ കാമ്പയിൻ 'കവചം' ഒക്ടോബർ 22ന് തുടക്കമാകും. എക്‌സൈസുമായി സഹകരിച്ച് നടത്തുന്ന കാമ്പയിന്റെ ഭാഗമായി അന്നേദിവസം വൈകിട്ട് 6ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ദീപം തെളിക്കൽ, ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും അനുബന്ധ പരിപാടികൾ നടത്താനുമായി 25ന് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘാടക സമിതി യോഗം ചേരും. നഗരസഭയിലെ മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചാണ് പ്രവർത്തനങ്ങൾ ശക്തമാക്കുക. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഒപ്പം രക്ഷിതാക്കളെയും പരിപാടിയുടെ ഭാഗമാക്കും.
പൊതുജനങ്ങൾ, കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകുന്ന വാർഡുതല കമ്മിറ്റി രൂപീകരിക്കും. തുടർന്ന് ലഹരിയുടെ പിടിയിൽ അകപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി എക്‌സൈസിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തും. സ്‌കൂളുകൾ, പൊതുഇടങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടത്തും.