ചാലക്കുടി: നഗരസഭയിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പനെതിരെ ഒരു കോടി രൂപയുടെ മാന നഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന മുന്നറിയിപ്പുമായി ജനതാദൾ എസ്. ദേശീയ നിർവാഹക സമിതിയംഗം ജോസ് ജെ. പൈനാടത്ത്. ഒരു സ്ഥാപന ഉടമയിൽ നിന്നും താൻ ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെരെയാണ് നടപടി. വാർത്താ സമ്മേളനം നടത്തി നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി നപടികളുമായി മുന്നോട്ടു പോകും. ഇതിനായി അഡ്വ. ക്ലമൻസ് തോട്ടാപ്പിള്ളി മുഖേന വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. താൻ പണം വാങ്ങിയെന്ന് ആരോപിക്കുന്ന സ്ഥാപന ഉടമയുടെ സർവ മുക്തിയാർ തന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തുള്ള ഉടമയുടെ കച്ചവടപരമായ കേസടക്കം കൈകാര്യം ചെയ്യുന്നതും താനാണ്. മുക്തിയാറിന്റെ പകർപ്പ് വാർത്താസമ്മേളനത്തിൽ പരസ്യപ്പെടുത്തുകയും ചെയ്തു. ഷിബു അടക്കമുള്ള ഭരണസമിതിയാണ് നഗരസഭയിൽ അഴിമതി നടത്തുന്നത്. ഇതു സംബന്ധിച്ച് എല്ലാ രേഖകളും ശേഖരിച്ചുണ്ട്. ഇതെല്ലാം വിജിലൻസ് അന്വേഷണത്തിനായി പരസ്യപ്പെടുത്തുമെന്നും ജോസ് പൈനാടത്ത് പറഞ്ഞു.