krishnankuti
മതിലകം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ സോളാർ എൽ.ഇ.ഡി സംരംഭം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: സൗരോർജ ഉത്പാദനത്തിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റം സാദ്ധ്യമാക്കേണ്ടതുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇന്ന് കേരളത്തിൽ അധികമായി ഉത്പാദിപ്പിക്കുന്ന 385 മെഗാവാട്ടിൽ 341 ഉം സൗരോർജമാണ്. ഭാവിയിൽ കാർഷികരംഗത്തും സോളാറിന് വലിയനേട്ടം കൈവരിക്കാൻ കഴിയുമെന്നും അതുകൊണ്ട് തന്നെ വൈദ്യുതി രംഗത്തെ സ്വകാര്യവത്കരണ നീക്കത്തെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതിലകം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ പാപ്‌സ്‌കോ സോളാർ, പാപ്‌സ്‌കോ എൽ.ഇ.ഡി, ഊർജമിത്ര അക്ഷയ ഊർജകേന്ദ്രം എന്നിവയുടെ ഓഫീസും മാർക്കറ്റിംഗ് ഡിവിഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജു, ജനപ്രതിനിധികളായ വി.എസ്. രവീന്ദ്രൻ, ഹഫ്‌സ ഒഫൂർ, ഒ.എസ്. ഷെരീഫ എന്നിവർ സംസാരിച്ചു.