 
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ അമരക്കാരനായിരുന്ന നവോത്ഥാന നായകൻ കെ.കേളപ്പന്റെ സ്മരണയ്ക്കുള്ള പുരസ്‌കാരത്തിന് തേറമ്പിൽ രാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ടീയ രംഗത്ത് ആറര പതിറ്റാണ്ടിലേറെ നിറഞ്ഞു നിൽക്കുന്ന, ഗാന്ധിയനായ തേറമ്പിൽ രാമകൃഷ്ണനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് ഡോ:എം.ലീലാവതി ചെയർമാനായ ജഡ്ജിംഗ് കമ്മിറ്റിയാണ്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം, ഗുരുവായൂർ സത്യാഗ്രഹ സ്മരണ നവതി പിന്നിടുന്ന നവംബർ ഒന്നിന് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികളായ ജനു ഗുരുവായൂർ, ഷാജു പുതൂർ എന്നിവർ അറിയിച്ചു.