കൊടുങ്ങല്ലൂർ: തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കാട് മുനമ്പം പാലം നിർമ്മാണത്തിനായി ടെൻഡർ ഉറപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പാലംപണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് അഴീക്കോട് മുനമ്പം പാലം സമരസമിതി പ്രക്ഷോഭത്തിനിറങ്ങുന്നു.
ഫിഷറീസിന്റെ അഴീക്കോടുള്ള ഭൂമി അപ്രോച്ച് റോഡിനായി പി.ഡബ്ല്യു.ഡിക്ക് കൈമാറാൻ കാലതാമസം ഉണ്ടാകുമെന്നാണ് സമര സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തൃശൂർ ജില്ലാ കളക്ടറുടെ വെളിപ്പെടുത്തൽ. ടെൻഡർ വിളിച്ചു കഴിഞ്ഞിട്ടും ധനകാര്യ വകുപ്പ് പാലം നിർമ്മാണത്തിനുള്ള കരാർ ടെൻഡർ വിളിച്ച കമ്പനിയുമായി ഒപ്പിട്ടിട്ടില്ല.
ഇതിനുള്ള സാമ്പത്തിക അനുമതിയും ധനകാര്യ വകുപ്പ് നൽകിയിട്ടില്ല. പാലം നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ബോട്ട് ഉടമകളുടെ സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് സമരസമിതിയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരത്ത് നിന്നും അഴീക്കോട് ജെട്ടിയിലേക്ക് ബൈക്ക് റാലി നടത്തും. ആർ.കെ. ഫൈസൽ നേതൃത്വം നൽകും. ജാഥാ ആരംഭം പ്രമുഖ ഗാന്ധിയൻ ഇസാബിൻ അബ്ദുൾ കരീമും സമാപന സമ്മേളനം വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാറും ഉദ്ഘാടനം ചെയ്യും.