
പുതുക്കാട്: മണ്ഡലകാലത്തിന് ഒരു മാസം ശേഷിക്കേ ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം അടിസ്ഥാന സൗകര്യമില്ലാതെ വലയുന്നു. ശബരിമല തീർത്ഥാടകർക്കും, ഭക്തജനങ്ങൾക്കും ഉപയോഗിക്കാനുള്ളത് ഒറ്റ ശുചിമുറി മാത്രം. അതാകട്ടെ വൃത്തിഹീനമായ നിലയിലുള്ളതും. നിലവിലുള്ള ശുചിമുറിയാകട്ടെ കിണറിന് സമീപത്തുമാണ്. ശുചിമുറിയുടെ അപര്യാപ്തത മൂലം കാട് പിടിച്ച് കിടക്കുന്ന ക്ഷേത്രപറമ്പാണ് ആളുകൾ പലരും ഉപയോഗിക്കുന്നത്. പുഴയിലിറങ്ങി കുളിക്കാനുള്ള പടവുകളാകട്ടെ ചെളി നിറഞ്ഞ് കാട് വളർന്ന നിലയിലാണ്. വർഷക്കാലത്ത് പുഴയിൽ കുത്തിയൊലിച്ചെത്തുന്ന ചെളി അടിഞ്ഞു കൂടി പടവ് വൃത്തിഹീനമാണ്. ആറ് ഏക്കർ കണക്കിനുള്ള ക്ഷേത്രപരിസരം മുഴുവൻ കുറ്റിക്കാടാണ്. ഇതൊന്നും വെട്ടി വൃത്തിയാക്കാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് സമയമില്ല. ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന തീർത്ഥാടകർ സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും മൂലം അവശിഷ്ടങ്ങളും പറമ്പിൽ നിറയും. മാലിന്യസംസ്‌കരണത്തിനോ ശേഖരണത്തിനോ സംവിധാനങ്ങളുമില്ല. ദേശീയപാതയോരത്തുള്ള സ്ഥലമായതിനാൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും കുറുമാലി പുഴയുമാണ് തീർത്ഥാടകരെ ആകർഷിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തെ ഹാളിലെ വരാന്തയിലാണ് ശബരിമലതീർത്ഥാടകർ പലരും വിശ്രമിക്കുക.
മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഈ സവിശേഷതകളെല്ലാം ക്ഷേത്രത്തിന് വിനയാവുകയാണ്. വർഷങ്ങളായി തുടരുന്ന ഈ അപര്യാപ്തകൾക്ക് മേൽ കണ്ണടച്ചിരിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്. ബോർഡിന്റെ ക്ഷേത്രങ്ങളിൽ വരുമാനത്തിൽ മുൻ നിരയിലുള്ള ക്ഷേത്രമാണ് കുറുമാലിക്കാവ്. പതിനെട്ടര കാവുകളിൽ പ്രസിദ്ധമായ കുറുമാലിക്കാവിലെ കുംഭഭരണി ആഘോഷവും പ്രസിദ്ധമാണ്. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമ്മിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിന് മുൻവശത്ത് ടോയ്‌ലറ്റ് നിർമ്മിക്കുന്നതിൽ ഭക്തജനങ്ങൾ എതിർപ്പുമായെത്തി. ക്ഷേത്ര പരിസരത്തെ വീട്ടുകാർ തങ്ങളുടെ വഴിയിലാണ് ടോയ്‌ലറ്റ് നിർമിക്കാൻ ശ്രമിക്കുന്നതെന്ന് കാട്ടി നിയമനടപടികൾക്കും ഒരുങ്ങി. ഇതോടെ നിർമ്മാണം മുടങ്ങി.
(തുടരും)