കൊടുങ്ങല്ലൂർ: വടക്കേ നടയിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം വിശ്രമിക്കാനുള്ള സൗകര്യത്തോടെ പുന:നിർമ്മിക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് അന്നുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയത്. എന്നാൽ മാറിമാറി വന്ന എം.എൽ.എമാരും എം.പിമാരും ഇതിനുവേണ്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. നഗരസഭ ഭരിക്കുന്നവരാകട്ടെ ഇതൊന്നും നഗരത്തിൽ ആവശ്യമില്ല എന്നുള്ള സമീപനമാണ് സ്വീകരിക്കുന്നത്. വടക്കേ നടയിലെ അനധികൃത കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചില്ലെങ്കിൽ നഗരസഭയ്ക്ക് മുമ്പിൽ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. മണ്ഡലം പ്രഭാരിയും ജില്ലാ സെക്രട്ടറിയുമായ ലോജനൻ നമ്പാട്ട്, എൽ.കെ. മനോജ്, ജിതേഷ്, വിദ്യാസാഗർ, ടി.ബി. സജീവൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.