adivasi

തൃശൂർ: സ്വാഭാവിക ആദിവാസി ജീവിതങ്ങളിലേക്ക് പരിഷ്‌കൃത സമൂഹം കയറിച്ചെന്നത് ആപത്തായിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. രതൻ ചന്ദ്ര കാർ എഴുതിയ 'ആൻഡമാനിലെ ജരാവകൾ' എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികൾ സുരക്ഷിതമായി കാലങ്ങളായി ജീവിച്ചുവന്നിരുന്നതാണ്. ശീലങ്ങളിലൂടെയും പരിഷ്‌കൃത സമൂഹവുമായിട്ടുള്ള ബന്ധങ്ങളിലൂടെയും അവർക്ക് മാറ്റമുണ്ടായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം ആദിവാസി മൂപ്പത്തി ഗീത വാഴച്ചാലിന് നൽകി സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തു. എൻ.എൻ.ഗോകുൽദാസ്, കുസുമം ജോസഫ് എന്നിവർ ചേർന്നാണ് പുസ്തകം വിവർത്തനം ചെയ്തത്. കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി സമൂഹത്തിന് ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാക്കാനുള്ള പരിശീലനം നൽകിയില്ലെങ്കിൽ ആദിവാസികൾക്ക് വംശനാശം സംഭവിക്കുമെന്ന് അഗളി ആശുപത്രിയിൽ 25 വർഷം സേവനം ചെയ്ത ഡോ.പ്രഭുദാസ് അഭിപ്രായപ്പെട്ടു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് 'ആദിവാസി ജനതയുടെ ആരോഗ്യം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധം നൽകാനുള്ള വിദ്യാഭ്യാസമാണ് ആദിവാസികൾക്ക് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ഡോ.കെ.ജി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുസുമം ജോസഫ്, ഗീത വാഴച്ചാൽ, കെ.കെ.സുരേന്ദ്രൻ, എൻ.എൻ.ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.