മാള: പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘത്തിൽ ആർക്കുംവേണ്ടാതെ കൂട്ടിയിട്ടിരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ കയറാണ് !. വാങ്ങാൻ ആളില്ലാത്തതാണ് പ്രധാന പ്രശ്നം. സ്ഥിരമായി കയർ വാങ്ങിയിരുന്ന കയർഫെഡ് 15 ശതമാനം വിലകുറച്ചതും തിരിച്ചടിയായി. ഇപ്പോൾ അഞ്ച് ലക്ഷം രൂപയുടെ കയർ കെട്ടിക്കിടക്കുന്നുണ്ട്. ഈ നിലക്കുപോയാൽ സംഘം പൂട്ടിക്കെട്ടേണ്ടിവരും. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സംഘത്തിൽ തൊഴിലാളികളായി 35 ഓളം പേരുണ്ട്. അവരും ജോലിയുടെ കാര്യത്തിൽ ആശങ്കയിലാണ്.
സംഘത്തിൽ നിന്നും കാലങ്ങളായി കയർ ശേഖരിക്കുന്ന കയർഫെഡ് മാർച്ച് മുതൽ വിലകുറച്ചതാണ് അടിയായത്. 850 രൂപയോളം നഷ്ടം വഹിച്ചാണ് ഒരു ക്വിന്റൽ കയർ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ദിവസേന 30 ക്വിന്റലോളം കയർ ഉത്പാദിപ്പിക്കുന്നുണ്ട്. കയർ ഫെഡാണെങ്കിൽ സംഘത്തിൽ നിന്ന് കയർ വാങ്ങുന്നുമില്ല. സംഘത്തിൽ ഒരു മടൽ അടിക്കുന്ന യന്ത്രവും 13 കയർപിരിക്കുന്ന യന്ത്രവുമുണ്ട്. മറ്റു പല സംഘങ്ങളും തമിഴ്‌നാട്ടിൽ നിന്ന് ചകിരി കൊണ്ടുവരുമ്പോൾ ഇവിടെ പ്രദേശികമായി തൊണ്ട് ശേഖരിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു തൊണ്ടിന് രണ്ട് രൂപ നിരക്കിലാണ് വാങ്ങുന്നത്. ഉപ ഉത്പന്നമായ ചകിരിച്ചോറ് കോഴി കർഷകർക്ക് വിൽക്കും. കൊവിഡിന് ശേഷം കയറും കയർ ഉത്പന്നങ്ങളുടെയും ഡിമാന്റും കുറഞ്ഞെന്ന് തൊഴിലാളികൾ പറയുന്നു.
പ്രതാഭകാലത്തെ വ്യവസായ സംഘം
1977ൽ ഒരു ഷെഡ് വാടകയ്ക്കെടുത്താണ് സംഘം ആരംഭിച്ചത്. വി.പി. മാധവനായിരുന്നു സ്ഥാപക പ്രസിഡന്റ്. ആദ്യകാലത്ത് 132 പേരായിരുന്നു സംഘത്തിലെ അംഗങ്ങൾ. ലാഭം വർദ്ധിച്ചപ്പോൾ വായ്പയെടുത്ത് ഒരു ഏക്കറിലധികം സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചു. വി.കെ. രാജൻ കൃഷിമന്ത്രിയായിരുന്നപ്പോഴാണ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. മുൻ പിണറായി സർക്കാർ 75 ലക്ഷം രൂപ എ.എസ്.എം മെഷിനറികൾ സ്ഥാപിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി നൽകിയിരുന്നു.
സർക്കാർ വിഷയത്തിൽ ഇടപെട്ട് പഴയ വിലയിൽ തന്നെ കയർ വാങ്ങാൻ നടപടിയുണ്ടാക്കണം.
കയർ വ്യവസായ സഹകരണ സംഘം