
തൃശൂർ : സാമ്പത്തിക സ്വയം പര്യാപ്തതയാണ് സ്ത്രീ മുന്നേറ്റത്തിന്റെ പ്രധാന ഘടകമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനൊപ്പം തൊഴിൽ പങ്കാളിത്തവും സാമൂഹിക പങ്കാളിത്തവും നേടാൻ പെൺകുട്ടികൾ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി ജില്ലയിലെ വിവിധ സ്‌കൂളുകളിലായി നടന്ന തീയേറ്റർ ക്യാമ്പ് അനന്യസമേതത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 20 വിദ്യാലയങ്ങളിലായി നടന്ന ക്യാമ്പുകളിൽ ആയിരം പെൺകുട്ടികളാണ് ഭാഗമായത്. 8, 9 ക്ലാസുകളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടന്നത്. പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.