vt

തൃശൂർ : മഹാമാരിയുടെ കാലഘട്ടത്തിൽ ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ ചൂഷണം ചെയ്തതാണ് ഒന്നാം പിണറായി സർക്കാരിന്റെ നേട്ടമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. കൊവിഡ് കാലത്ത് പി.പി.ഇ കിറ്റിന്റെയും, മറ്റ് സുരക്ഷാ ഉപകരണങ്ങളുടെയും പേരിൽ അഴിമതി നടത്തിയ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ എം.എൽ.എയും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി.ഇ കിറ്റ് ധരിച്ചാണ് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ഒ.ജെ.ജനീഷ് അദ്ധ്യക്ഷനായി. പി.എൻ.വൈശാഖ്, ശോഭാ സുബിൻ, സജീർ ബാബു, ജെലിൻ ജോൺ, അരുൺ മോഹൻ, എച്ച്.എം.നൗഫൽ, അഡ്വ.ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.