അന്തിക്കാട്: ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഭരതനാട്യ മത്സരത്തിൽ അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് പരാതി. അന്തിക്കാട് സ്വദേശി കൊല്ലാടി രാഗേഷ് - രമ്യ ദമ്പതികളുടെ മകൾ ശ്രീഭാഗ്യ (13)യാണ് വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയത്. സെപ്തംബർ 23ന് നടന്ന സ്‌കൂൾ തല കലോത്സവത്തിൽ ശ്രീഭാഗ്യ ഭരതനാട്യ മത്സരത്തിൽ പങ്കെടുത്തിരുന്നു.


സെക്കൻഡ് എ ഗ്രേഡാണ് കുട്ടിക്ക് ലഭിച്ചത്. എന്നാൽ ഫസ്റ്റ് ലഭിക്കാൻ എല്ലാ യോഗ്യതയുണ്ടായിട്ടും അധികൃതരാൽ മനപൂർവം

തഴയപ്പെട്ടുവെന്നും, അതിന് കാരണമറിയണമെന്ന ആവശ്യവുമായി വിദ്യാർത്ഥി എ.ഇ.ഒക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട തൃശൂർ വെസ്റ്റ് എ.ഇ.ഒ ഒരിയ്ക്കൽ കൂടി ശ്രീഭാഗ്യയുടെ കഴിവ് തെളിയിക്കുന്നതിന് അവസരമൊരുക്കാൻ ഒളരിയിലെ വെസ്റ്റ് ഉപജില്ലാ ഓഫീസിലേക്ക് കുട്ടിയെ എത്തിക്കണമെന്ന് അന്തിക്കാട് ഹൈസ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഈ വിവരം യഥാസമയം വിദ്യാർത്ഥിയെ അറിയിച്ചില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. വെള്ളിയാഴ്ച രണ്ടരയോടെ മത്സരത്തിന് ഹാജരാകാൻ കുട്ടിയെ എത്തിക്കണമെന്ന നിർദ്ദേശം വ്യാഴാഴ്ച അന്തിക്കാട് ഹൈസ്‌കൂൾ അധികൃതർക്ക് ലഭിച്ചുവെങ്കിലും അവർ ഈ വിവരം രക്ഷിതാക്കളെയും, വിദ്യാർത്ഥിയെയും അറിയിച്ചിരുന്നില്ല. നിശ്ചിത സമയം കഴിഞ്ഞിട്ടും പരാതിക്കാരിയെ കാണാതെ വന്നതിനാൽ എ.ഇ.ഒ അന്തിക്കാട് ഹൈസ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് രക്ഷിതാക്കളെപ്പോലും അറിയിക്കാതെ ഓട്ടോറിക്ഷയിൽ ശ്രീഭാഗ്യയെ എ.ഇ.ഒയുടെ ഓഫീസിലെത്തിച്ച് മത്സരം നടത്തിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു.

മത്സരവിവരവും, തീയതിയും, സമയവും ബോധപൂർവം മറച്ചുവച്ച് മകൾക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ അന്തിക്കാട് ഹൈസ്‌കൂൾ അധികൃതർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും, ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.