കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപയുടെ സി.ടി സ്‌കാൻ തുരുമ്പെടുത്ത് നശിക്കുന്നു. ആശുപത്രിയിലാണെങ്കിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സിംഗ് സ്റ്റാഫും മറ്റ് ജീവനക്കാരുമില്ല. ജീവിത ശൈലി രോഗങ്ങളുമായെത്തുന്നവർക്ക് മരുന്നുകൾ പോലും ലഭിക്കുന്നില്ല. നിർദ്ധനരായ ജനങ്ങളുടെ ആശ്രയമായ താലൂക്ക് ആശുപത്രിയിൽ അവശ്യ സേവനം പോലും ലഭിക്കുന്നില്ലെന്ന് ബി.ജെ.പി കൗൺസിൽ യോഗത്തിൽ ആരോപിച്ചു.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ആശുപത്രി കെട്ടിടങ്ങളിൽ തെരുവ് നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. പൊതുശ്മശാനത്തിന്റെ നിർമ്മാണത്തിലെ അപാകത മൂലം പരിസരവാസികൾക്ക് താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്. പദ്ധതി നിർവഹണത്തിലെ അപാകതയും തുക വകയിരുത്തുന്നതിലെ അനാസ്ഥയും മൂലം റോഡ് ഗതാഗതം ദുസഹമാണ്. പല സ്ഥലങ്ങളിലും കുടിവെള്ളത്തിനായി മാസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണ്. നഗരത്തിൽ മാലിന്യ കൂമ്പാരങ്ങളും നിറഞ്ഞിട്ടുണ്ട്. മുസ്‌രിസ് ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയെന്നും ബി.ജെ.പി ആരോപിച്ചു. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് കൗൺസിൽ ഹാളിൽ ചെയർപേഴ്‌സന്റ ചേമ്പറിന് മുന്നിൽ ബി.ജെ.പി കൗൺസിലർമാർ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവന്റെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. സമാപന പരിപാടിയിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, എൽ.കെ. മനോജ്, ടി.ബി. സജീവൻ, കെ.ആർ. വിദ്യാസാഗർ എന്നിവർ സംസാരിച്ചു.

നഗരസഭ കൗൺസിലിൽ ബഹളം

കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിൽ ആരംഭിച്ച ഉടൻ പ്രതിപക്ഷ ബഹളം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷമായ ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ആരംഭിച്ച ഉടനെ മുദ്രവാക്യം വിളിച്ച് ബഹളമുണ്ടാക്കിയത്. ഇതേതുടർന്ന് കൗൺസിലിൽ അദ്ധ്യക്ഷയായിരുന്ന ചെയർപേഴ്‌സൺ എം.യു. ഷിനിജ അജണ്ടകൾ എല്ലാം പസാക്കിയതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു.

ഇതോടെ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സന്റെ ചേമ്പറിന് മുമ്പിൽ കുത്തിയിരിപ്പ് നടത്തി. പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, ഉപനേതാവ് രശ്മി ബാബു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, ശാലിനി വേങ്കിടേഷ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധക്കാർ പിന്നീട് നഗരത്തിലും പ്രകടനം നടത്തി.

വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷ ശ്രമം

കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിൽ യോഗം തുടങ്ങുന്നതിനു മുമ്പുതന്നെ അജണ്ടകൾ ചർച്ച ചെയ്യാൻ അനുവദിക്കാതെ ബഹളമുണ്ടാക്കി കൗൺസിൽ യോഗത്തെ തടസപ്പെടുത്തുവാനും നഗരത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുവാനുമുള്ള ബി.ജെ.പി കൗൺസിലർമാരുടെ ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്ന് നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ ആരോപിച്ചു.

വികസന നേട്ടങ്ങൾ തടസപ്പെടുത്തുവാനും തെറ്റായ പ്രചാരണം നൽകി നഗരസഭ പ്രവർത്തനങ്ങളെ കരിതേക്കാനുമാണ് പ്രതിപക്ഷത്തിന്റെ ശ്രമം. താലൂക്ക് ആശുപത്രിയിൽ ദിവസവും 20 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത് 11 മെഷീനുകൾ ഉപയോഗിച്ചാണ്. 20 മെഷീനുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. പുതിയ ലിഫ്റ്റ് നിർമ്മാണം പൂർത്തീകരിച്ചു.13 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ കാഷ്വാലിറ്റി യൂണിറ്റ് ആരംഭിച്ചു. ഐ.സി യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സി.ടി സ്‌കാനിംഗ് മെഷീനും അണ്ടർ ലൈൻ കേബിളുകൾ ഇട്ടുകഴിഞ്ഞാൽ പ്രവർത്തനക്ഷമമാക്കും. ഇതിനായി 4.3 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ദിനംപ്രതി 1,500 രോഗികൾക്ക് ചികിത്സ നൽകാനാകും. ഇതിനായുള്ള ഡോക്ടർമാരുടെ ഒഴിവുകളെല്ലാം നികത്തി. നഗരസഭയുടെ സൽപ്പേരിന് കളങ്കം ചാർത്തി വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് ചെയർപേഴ്‌സനും വൈസ് ചെയർമാനും പറഞ്ഞു.