
ഇരിങ്ങാലക്കുട: കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മെമ്മോറിയൽ ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ആലപ്പാട് ഇരട്ടപ്പാലം മഠത്തിൽ വീട്ടിൽ ലിതിൻ (24), കരാഞ്ചിറ കവലക്കാട്ട് വീട്ടിൽ ഫിന്റോ (35), കരാഞ്ചിറ ചിറ്റിലപ്പിള്ളി വീട്ടിൽ അലെന്റ (22), ചേർപ്പ് ചിറക്കൽ കോട്ടം റോഡ് കൊലയിൽ വീട്ടിൽ അബിൻ രാജ് (26), കരാഞ്ചിറ മണ്ണാൻപറമ്പിൽ വീട്ടിൽ യദുകൃഷ്ണ (21) എന്നിവരെയാണ് എം.ഡി.എം.എയും കഞ്ചാവും സഹിതം തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, കാട്ടൂർ പൊലീസും ചേർന്ന് പിടികൂടിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോംഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ ഡി.സി.ബി ഡിവൈ.എസ്.പി: ഷാജ് ജോസ്, സി.ഐ: അരുൺ എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർ സി.ഐ: മഹേഷ്, ഉദ്യോഗസ്ഥരായ അരിസ്റ്റോട്ടിൽ, മണികണ്ഠൻ, ശ്രീലക്ഷ്മി, സ്റ്റീഫൻ, ജയകൃഷ്ണൻ, പ്രസാദ് , ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, ഷറഫുദ്ദീൻ, മാനുവൽ, ശ്യാം, സനൽ, ശബരി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ ലിതിൻ പാവറട്ടി പൊലീസ് സ്റ്റേഷനിൽ വധശ്രമം, ഭവനഭേദന കേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതിയായ യദുകൃഷ്ണൻ ആളൂർ പൊലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് കേസിലും, അബിൻ രാജ് മണ്ണുത്തി സ്റ്റേഷനിലെ തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതിയാണ്. കേസിലെ മറ്റൊരു പ്രതിയായ ഫിന്റോ ടൂറിസ്റ്റ് ബസ് ഉടമയാണ്. ടൂറിസ്റ്റ് ബസിന്റെ മറവിൽ ഇയാൾ കാലങ്ങളായി എം.ഡി.എം.എ വിൽപ്പന നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.