
തൃശൂർ: പ്രണയമോ സൗഹൃദമോ നടിച്ച് വ്യാജ ഓൺലൈൻ പ്രൊഫൈലിലൂടെ പണം തട്ടിക്കാനും ലൈംഗികചൂഷണത്തിനും ഇടയാക്കുന്ന 'ക്യാറ്റ് ഫിഷിംഗും' കൂടിവരുന്ന പശ്ചാത്തലത്തിൽ കരുതിയിരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പരിചയപ്പെട്ട്, ദിവസങ്ങൾക്കുള്ളിൽ മറക്കാനാകാത്ത വിധം പ്രണയത്തിലാണെന്ന് ധരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള രഹസ്യങ്ങളാണെന്ന് തോന്നിപ്പിക്കുന്ന പല കഥകളും പങ്കിടും. ചിലർ വികാരാധീനമായി സംസാരിച്ച് വീഴ്ത്താനും കഴിവുള്ളവരാണ്. വീഡിയോ കോൾ ഒഴിവാക്കി ഫോൺകോളിലൂടെ മാത്രം സംസാരിക്കുന്നവരുമുണ്ട്. വിശ്വാസം നേടിയെന്ന് മനസിലാക്കിയാൽ ലക്ഷ്യത്തിലേക്ക് അടുക്കാൻ തുടങ്ങും. സ്വകാര്യവും വ്യക്തിപരവുമായ ഫോട്ടോകളോ വീഡിയോകളോ ആവശ്യപ്പെടും. ഇത് നൽകിയാൽ പിന്നെ അവരുടെ ഭീഷണികളിലൂടേയോ അല്ലാതേയോ ക്യാറ്റ് ഫിഷിംഗിന് ഇരയാക്കാൻ തുടങ്ങും. ഇത് ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടാനും ലൈംഗികചൂഷണത്തിനും മുതിരുന്നത്. യൂസർ നെയിം പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന ഫിഷിംഗ് അറ്റാക്കുകളും കൂടിവരികയാണ്.
മറ്റുള്ളവരുടെ വിലാസം വഴി
പലപ്പോഴും മറ്റുള്ളവരുടെ വിലാസവും വ്യക്തിത്വവും ഉപയോഗിച്ചാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കുന്നത്. സംശയം തോന്നാതിരിക്കാൻ പലപ്പോഴും വീടിന്റെ അന്തരീക്ഷത്തിലുള്ള ഫോൺകോളുകളിലൂടെ ബന്ധുക്കളെ പരിചയപെടുത്തും. മറ്റ് സുഹൃത്തുക്കളെ പരിചയപെടുത്തും. ഇരയാകുന്നവരുടെ താല്പര്യം കണ്ടെത്തി അത്തരം കാര്യങ്ങളിലൂടെ സംവദിക്കും. ഇഷ്ടങ്ങൾ ഒന്നാണെന്ന് പറയുമ്പോൾ യുവതീയുവാക്കൾ അറിയാതെ വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്ന് ക്യാറ്റ് ഫിഷിംഗിലേക്ക് അടുക്കും.
എങ്ങനെ തടയാം?
സോഷ്യൽ മീഡിയയിൽ പരസ്പരം അറിയാവുന്ന 'സുഹൃത്തുക്കളെ' മാത്രം സ്വീകരിക്കുക.
സുഹൃത്തുക്കളിലൂടെ പരിചയപ്പെടുന്ന മറ്റുള്ളവരെ സുഹൃത്തുക്കളായി സ്വീകരിക്കാതെ തടയുക.
സോഷ്യൽ മീഡിയ, ഇ മെയിൽ പാസ് വേഡ് ഇടയ്ക്ക് മാറ്റുന്നതോടൊപ്പം ടു ഫാക്ടർ വെരിഫിക്കേഷൻ ചെയ്യുക.
പാസ് വേഡ് ആരുമായും പങ്കുവയ്ക്കാതിരിക്കുക, സുഹൃത്ത് ക്യാറ്റ്ഫിഷ് മറ്റ് കോൺടാക്ടുകളിലേക്ക് അറിയിക്കുക.
ക്യാറ്റ് ഫിഷർമാരുടെ ഫോൺ നമ്പറും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുക.
മുന്നറിയിപ്പ്
സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും അഭ്യർത്ഥിക്കുന്ന ഒരു സുഹൃത്തും യഥാർത്ഥ സുഹൃത്തല്ല എന്നകാര്യം മനസിലാക്കുക. ഇന്റർനെറ്റിൽ സ്വകാര്യചിത്രം പങ്കിട്ടുകഴിഞ്ഞാൽ പിന്നീട് അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയുക.