krishnan

കുന്നംകുളം: വൈദ്യുതി ഉപയോഗിച്ച് കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. കുന്നംകുളം 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്റെയും അനുബന്ധ വടക്കാഞ്ചേരി- കുന്നംകുളം 220 / 110 കെ.വി ലൈനിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആരംഭിക്കുന്നതോടെ കാർഷിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനും തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനും കഴിയും. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കിയാലേ വ്യവസായം പുരോഗതിയിലെത്തൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. കുന്നംകുളത്തെ നിലവിലെ 110 കെ.വി സബ്സ്റ്റേഷന്റെ ശേഷി 220 കെ.വിയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 220 കെ.വിയുടെ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ നിർമ്മാണം ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്. സർക്കാരിന്റെ ഊർജ്ജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത പ്രസരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാരും കെ.എസ്.ഇ.ബിയും സംയുക്തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ട്രാൻസ് ഗ്രിഡ് . വൈദ്യുതി തടസം പാടെ ഒഴിവാക്കാനും വൈദ്യുത വിതരണം സുഗമമാക്കാനും പദ്ധതി മുഖേനകഴിയും. മുരളി പെരുനെല്ലി എം.എൽ.എ മുഖ്യാതിഥിയായി. ഡോ.എസ്.ആർ.ആനന്ദ്, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ആൻസി വില്യംസ്, എ.വി.വല്ലഭൻ, പി.ഐ.രാജേന്ദ്രൻ, ചിത്ര വിനോബാജി, മീന സാജൻ, രേഖ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.