കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം വൈകുന്നു

ചേർപ്പ്: കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ വൈറ്റ് ടോപ്പിംഗ് റോഡ് നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങൾ. എന്നിട്ടും എങ്ങുമെത്താതെ നിർമ്മാണം. നിർമ്മാണ കാലാവധിയെപ്പറ്റി അധികാരികളോട് ചോദിച്ചാലോ ? അവരും മെല്ലെ തടിയൂരും !. അധികൃതരുടെ അനാസ്ഥയിൽ പൊറുതിമുട്ടുന്നതോ നിസഹായരായ ജനങ്ങളും.

റോഡ് നിർമ്മാണത്തിന്റെ മെല്ലെപ്പോക്ക് കാരണം ആളുകൾക്ക് ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പലരും ചുറ്റിവളഞ്ഞാണ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്. പെരുമ്പിള്ളിശ്ശേരി, തിരുവുള്ളക്കാവ്, പൂച്ചിന്നിപ്പാടം എന്നിവിടങ്ങളിൽ നിർമ്മാണം നടക്കുന്നതിനാൽ യാത്രക്കാർ ചേർപ്പ് ഊരകം വഴിയാണ് പോകുന്നത്. ചേർപ്പ്, തൃപ്രയാർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലേക്കുള്ള ബസുകൾ തൃശൂരിൽ നിന്ന് പാലക്കൽ, അമ്മാടം, പൂത്തറയ്ക്കൽ, ആനക്കല്ല് റൂട്ടിലൂടെയാണ് തിരിഞ്ഞുപോകുന്നത്. ഇരുചക്ര വാഹനങ്ങൾ തൃശൂർ - ചൊവ്വൂർ വഴിയും.

റോഡിന്റെ പാർശ്വഭിത്തികളിൽ കോൺക്രീറ്റ് ഇട്ട് പൂർത്തീകരിക്കാത്തതിനാൽ റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങാനും പ്രയാസമാണ്. ഇരുചക്ര വാഹനങ്ങളടക്കം പുതുക്കി പണിയുന്ന റോഡിന്റെ വശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. റോഡ് പതിവിലും ഉയർന്ന് നിൽക്കുന്നതിനാലും രാത്രിയിൽ വൈദ്യുതി വെളിച്ചം ഇല്ലാത്തതിനാലും റോഡിന്റെ വശങ്ങളിൽ തട്ടി അപകടം സംഭവിക്കുന്നത് പതിവായി. ഒരു വാഹനം കടന്നുപോയാൽ തന്നെ ഉയരുന്ന പൊടി ജനങ്ങളെ വലയ്ക്കുന്നത് ചില്ലറയൊന്നുമല്ല. ഈ സ്ഥിതി തുടരുകയാണെങ്കിൽ പ്രദേശത്തുള്ളവ‌ർ നിത്യരോഗികളാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

ആളുകളുടെ സഞ്ചാരം കുറഞ്ഞപ്പോൾ കച്ചവടമില്ലാതെയായി. പല കടകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പൊടി സഹിച്ചാണ് പലരും വ്യാപാരം നടത്തുന്നത്.

ജോൺസൺ ചിറമ്മൽ

സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി