mdma-

തൃശൂർ: എം.ഡി.എം.എ നിർമ്മിക്കുന്ന മുഖ്യകണ്ണികൾ നൈജീരിയയിൽ മാത്രമാണെന്ന് ഒരു പോലെ സമ്മതിക്കുമ്പോഴും ഈ തായ് വേര് അറുക്കാനാവാതെ നിസഹായരായി പൊലീസും എക്‌സൈസും. അന്വേഷണങ്ങളെല്ലാം ബംഗളുരുവിലെത്തിയാൽ നിലയ്ക്കും. നൈജീരിയൻ സംഘങ്ങളുടെ വിതരണക്കാരായി ഉത്തരേന്ത്യക്കാരുമുണ്ടാകും. അവരെ മാത്രം പിടികൂടി കേസ് അവസാനിക്കും. നൈജീരിയക്കാരെ പിടികൂടാനും കഴിയില്ല.

രാസവസ്തുവായതിനാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇവ കണ്ടെത്താനുള്ള ആധുനികസൗകര്യങ്ങളില്ലെന്നാണ് വിവരം. ഒരു മില്ലിഗ്രാം പോലും ഉപയോഗിച്ചാൽ ഉയർന്ന ലഹരി ലഭിക്കുമെന്നതിനാൽ ഇത് കുറഞ്ഞ അളവിൽ കടത്തിക്കൊണ്ടുവന്നാലും ലാഭമാണ്. കേരളത്തിലുള്ളവർ ഇത് വാങ്ങിയ ശേഷം ഉപയോക്താക്കളുടെ നമ്പർ ശേഖരിച്ചാണ് വിൽപ്പന തുടങ്ങുക. ദിവസേന ഇടപാടിന് ഉപയോഗിക്കുന്നത് വ്യത്യസ്ത ഫോണുകളാകും. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി ദമ്പതികൾ കൊരട്ടിയിൽ പിടിയിലായിരുന്നു. സ്ത്രീകളും വിദ്യാർത്ഥിനികളും മയക്കുമരുന്നിന്റെ കണ്ണികളാകുന്നതായും പറയുന്നു.

അന്വേഷണം വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്

വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വാട്‌സ് ആപ് ഗ്രൂപ്പുകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നുണ്ടോയെന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന നൈജീരിയൻ അധോലോക സംഘങ്ങളിൽ നിന്നും രാസവസ്തുക്കൾ വിലയ്ക്ക് വാങ്ങി അന്യസംസ്ഥാനക്കാർ എം.ഡി.എം.എ നിർമ്മിക്കാൻ ശ്രമിച്ചതായി പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇടനിലക്കാരില്ലാതെ ബംഗളൂരുവിൽ നിന്ന് നേരിട്ട് കേരളത്തിലെത്തിക്കുന്ന രീതി സജീവമാണെന്നും പറയുന്നു.

20 സ്റ്റേഷൻ പരിധിയിൽ ബോധവത്കരണം

17 മുതൽ ആരംഭിച്ച ഊർജ്ജിത ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി തൃശൂർ സിറ്റി പൊലീസിന് കീഴിലെ 20 സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലും കോളേജിലും ലഹരിവിരുദ്ധ പരിപാടികൾ നടത്തി. ലഹരിയുടെ വിപത്തിനെ കുറിച്ച് വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം.

ജനങ്ങളുടെ പൂർണ്ണമായ സഹകരണം ലഹരിവിരുദ്ധ പ്രചാരണത്തിന് അനിവാര്യമാണ്. അതിലൂടെ മാത്രമേ ലഹരി വിരുദ്ധ പ്രവർത്തനം വിജയം നേടൂ

കെ.രാജൻ,

റവന്യൂമന്ത്രി

(സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ പ്രചരണ പരിപാടിയുടെ സമാപനം)

ലഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ബോധവത്കരണവും കൗൺസിലിംഗും ചികിത്സയും അടക്കം നൽകാനുള്ള ശ്രമം നടക്കുന്നുണ്ട്.


കെ.പ്രേംകൃഷ്ണ
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ