bindu

തൃശൂർ : ഭിന്നശേഷിക്കാരനെ പിതാവ് കൊലപ്പെടുത്തിയ സംഭവം സ്‌പെഷ്യൽ കേസായി പരിഗണിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. കേച്ചേരി, പട്ടിക്കരയിൽ കൊല്ലപ്പെട്ട യുവാവിന്റെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കാൻ ആവശ്യമായ അപേക്ഷ നൽകണമെന്ന് അറിയിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും താമസിക്കാനായി അസിസ്റ്റീവ് വില്ലേജ് സംവിധാനം ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 19നാണ് ഭിന്നശേഷിക്കാരനായ കേച്ചേരി പട്ടിക്കര രായ്മരയക്കാർ വീട്ടിൽ സഹദിനെ (28) പിതാവ് സുലൈമാൻ (52) തീ കൊളുത്തി കൊലപ്പെടുത്തിയത്. മുരളി പെരുനെല്ലി എം.എൽ.എ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വാർഡ് മെമ്പർ നജീല സിറാജുദ്ദീൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.