palam-samarasamithi
അഴീക്കോട് മുനമ്പം പാലം സമരസമിതി നടത്തിയെ ബൈക്ക് റാലിയുടെ സമാപന സമ്മേളനം എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം പാലം നിർമ്മാണത്തിന്റെ തടസങ്ങളെക്കുറിച്ച് തുറന്ന സംവാദം നടത്താൻ അധികൃതർ തയ്യാറാകണമെന്ന് പാലം സമര സമതി സർക്കാരിനോട് ആവശ്യപ്പെട്ടു. 164 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബോട്ടുടമകളുടെ സംഘടനയെക്കൂടി വിശ്വാസത്തിലെടുത്ത് പാലം നിർമ്മാണത്തിന് വഴിയൊരുക്കണം.

തൃശൂർ - എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വികസനത്തിന്റെ നാഴികക്കല്ലാണ്. അഴീക്കോട് ഫിഷറീസ് വകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹരിക്കണമെന്നും സമര സമിതി സംഘടിപ്പിച്ച ബൈക്ക് റാലിയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. എം.ഇ.എസ് സംസ്ഥാന ട്രഷറർ കെ.കെ. കുഞ്ഞുമൊയ്തീൻ, പി.എ. സീതി മാസ്റ്റർ, പി.വി. സജീവ് കുമാർ, ഇ.എ. ഹവ്വ ടീച്ചർ, സുരാജ് എന്നിവർ സംസാരിച്ചു. സമര സമിതിയുടെ ആദ്യ ചെയർമാൻ ഡോ. ഷരീഫ് , കെ.ജെ. തോമസ് എന്നിവരെ ആദരിച്ചു. പി. വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരത്ത് സമര സമിതി കൺവീനർ ആർ.കെ. ഫൈസൽ ക്യാപ്ടനായ ബൈക്ക് റാലി ഗാന്ധിയൻ ഇസാബിൻ അബ്ദുൽ കരീം ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ്. ഷഹാബ് സ്വാഗതവും കെ.എം. മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.