ചാലക്കുടി: സെക്രട്ടറി നടത്തുന്ന അന്വേഷണം നഗരസഭാ ഭരണത്തിന് കുരുക്കാകാൻ സാദ്ധ്യത. ആരോഗ്യ വിഭാഗത്തിൽ നടന്ന അഴിമതിയിൽ കൂടുതൽ ആളുകളുടെ പേരിൽ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. മുൻ ഹെൽത്ത് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് കുറ്റാരോപിതർ കൂടുമെന്ന നിഗമനത്തിന് ആക്കം കൂട്ടിയത്. വാർഷിക നികുതി കുറയ്ക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങിയെന്ന ആരോപണ വിധേയ ഇപ്പോൾ സസ്‌പെൻഷനിലുള്ള ജെ.എച്ച്.ഐ മാത്രമാണ്. താഴെക്കിടെയുള്ള ഉദ്യോഗസ്ഥയ്ക്ക് തനിച്ച് നടത്താൻ കഴിയുന്നതല്ലാ നഗരസഭയ്ക്ക് നികുതിയിനത്തിൽ നഷ്ടപ്പെടുത്തിയ ലക്ഷങ്ങളുടെ അഴിമതി. ഇതിന് മറ്റു ഉദ്യോഗസ്ഥരും പങ്കാളികളാകുമെന്ന സൂചനയാണ് ചെയർമാന്റെ നിർദ്ദേശത്തിൽ സെക്രട്ടറി നടത്തുന്ന അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരം. ഇതോടെ ചില കൗൺസിലർമാരുടെ ചങ്കിടിപ്പും കൂടിയിട്ടുണ്ട്. മുൻ എച്ച്.എസിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും സെക്രട്ടറിയുടെ അന്വേഷണത്തിന്റെ തുടർ നടപടികൾ. നൂറുകണക്കിന് സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ നികുതിയിളവ് ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
എല്ലാ തെളിവുകളും ശേഖരിച്ച് രേഖാമൂലം സെക്രട്ടറി റിപ്പോർട്ട് നൽകിയാൽ ചെയർമാന് നപടികളിലേയ്ക്ക് നീങ്ങാതിരിക്കാൻ നിവൃത്തിയില്ല. അദ്ദേഹം വാർത്താ സമ്മേളനം നടത്തിയാണ് ആരോഗ്യ വകുപ്പിൽ അഴിമതിയുണ്ടെന്ന് ജനങ്ങളോട് വിളിച്ചു പറഞ്ഞത്. തന്റെ വകുപ്പിൽ നടന്ന അഴിമതിയെക്കുറിച്ച് നേരത്തെ തന്നെ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ ചെയർമാന് വിവരം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ഇതു സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് ആരോഗ്യകാര്യ അദ്ധ്യക്ഷനും സംസാരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ അന്നു നടപടികൾ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ട്. പൊതുമരാമത്ത് വകുപ്പിൽ ഇതിലേറ അഴിമതിയുണ്ടെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നു. ഇതിന്റെ അദ്ധ്യക്ഷയാകട്ടെ തന്റെ അറിവോടെ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് ആണയിടുന്നു. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ അഴിമതിയുടെ ഉറവിടവും അതിന്റെ സംരക്ഷകരും തിരശീലയ്ക്ക് പിന്നിലാണെന്ന സംശയമാണ് ബലപ്പെടുന്നത്.