പേരാമംഗലം: അമല നഗറിലെ കാപ്പ് ഇന്ത്യാ റോഡിൽ നിന്നും തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തുകയാണ് പേരാമംഗലം പൊലീസിന്റെ വണ്ടി പിടിച്ചിടൽ. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസും ഹൈവേ പൊലീസും പിടികൂടുന്ന വാഹനങ്ങളേറെയും പിടിച്ചിടുന്നത് തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാപ്പ് ഇന്ത്യാ റോഡരികിലെ സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപമാണ്. കാപ്പ് ഇന്ത്യാ റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കടക്കുന്ന വാഹനങ്ങളുടെ കാഴ്ച മറയുന്നതിന് ഈ വാഹനങ്ങൾ വഴിവയ്ക്കുകയാണ്. ഇതുമൂലം അപകട സാദ്ധ്യതയും വർദ്ധിക്കുന്നു. നിരവധി വാഹനങ്ങൾ മിനിറ്റുകൾക്കുള്ളിൽ കടന്നുപോകുന്ന തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിലേക്ക് കാപ്പ് ഇന്ത്യാ റോഡിൽ നിന്നുമുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാൻ നിമിഷ നേരം മാത്രമേ കാണൂ. എന്നാൽ സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപം ബസ്, ലോറി ഉൾപ്പടെയുള്ള വാഹനങ്ങൾ നിരയായി പിടിച്ചിടുന്നത് മൂലം സംസ്ഥാന പാതയിലേക്ക് കാപ്പ് ഇന്ത്യാ റോഡിൽ നിന്നും വാഹനങ്ങൾക്ക് കടക്കാൻ പ്രയാസമേറുകയാണ്. റോഡരികത്ത് ഉയരമേറിയ വാഹനങ്ങൾ കിടക്കുന്നത് മൂലം സംസ്ഥാനപാതയിലേക്കുള്ള കാഴ്ച മറയുകയും അപകട സാദ്ധ്യത ഏറുകയുമാണ്. പിടികൂടുന്ന വാഹനങ്ങൾ പേരാമംഗലം പൊലീസ് സ്റ്റേഷന് എതിർവശത്തെ റോഡരികിൽ പാർക്ക് ചെയ്യുകയാണെങ്കിൽ ഈ പ്രയാസത്തിന് അറുതി വരുമെങ്കിലും പൊലീസ് അതിന് തയ്യാറാകുന്നില്ലെന്നതാണ് വിരോധാഭാസം.
ചന്ദ്രബോസ് വധക്കേസിലെ മുഹമ്മദ് നിഷാമിന്റെയുൾപ്പടെ വിവിധ കേസുകളിൽപെട്ട് പിടികൂടിയ നിരവധി വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ കിടക്കുന്നതിനാൽ സ്ഥല പരിമിതി മൂലമാണ് വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതെന്നാണ് പേരാമംഗലം പൊലീസ് പറയുന്നത്. ഹൈവേ പൊലീസുൾപ്പടെ പിടികൂടുന്ന ബസ്, ലോറി ഉൾപ്പടെയുള്ള വാഹനങ്ങൾ ആഴ്ചകളോളമാണ് മിക്കപ്പോഴും ഇവിടെ റോഡരികിൽ പാർക്ക് ചെയ്യാറുള്ളത്. പൊലീസ് സ്റ്റേഷന് എതിർവശത്തോ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തോ ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്ത് കാപ്പ് ഇന്ത്യാ റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ അപകടസാദ്ധ്യത പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.