crime

തൃശൂർ : കയ്പമംഗലത്ത് എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾ 900ൽ ഏറെ തവണ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടെന്ന് അന്വേഷണ സംഘം. നിലവിൽ അത്തരം 188 പേരുടെ പട്ടികയാണ് എക്‌സൈസ് സംഘം തയ്യാറാക്കിയത്. അതിൽ പത്ത് ശതമാനത്തിലേറെപ്പേർ വിദ്യാർത്ഥികളാണ്.

15.2 ഗ്രാം എം.ഡി.എം.എയുമായി ചെന്ത്രാപ്പിന്നി ഏറെക്കാട്ടുപുരയ്ക്കൽ ജിനേഷ് (31), കയ്പമംഗലം തോട്ടുങ്ങൽ വിഷ്ണു (25) എന്നിവരെയാണ് എക്‌സൈസ് പിടി കൂടിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കാണ് അന്വേഷണ ചുമതല. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ പട്ടിക ഇനിയും നീളുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഗ്രാമിന് 3,000 രൂപ നിരക്കിലായിരുന്നു വില്പന. ഈ പട്ടികയിൽ പെൺകുട്ടികളുൾപ്പെടെയുണ്ടെന്നാണ് വിവരം. ലഹരി കൈമാറിയവരുടെ പേര്, തീയതി, അവരുടെ കടബാദ്ധ്യത ഉൾപ്പെടെ കുറിച്ചു വച്ചിട്ടുണ്ട്.

ഗൂഗിൾ പേ വഴി പണം കൈമാറിയവരുടെ ലിസ്റ്റുമുണ്ടായിരുന്നു. ലഹരി ഇടപാടിനായി മാത്രം പ്രത്യേക ഫോണാണ് ഉപയോഗിച്ചിരുന്നത്. പട്ടികയിലുള്ളവരുടെ വിവരം ശേഖരിച്ചുവരുകയാണ്. പട്ടികയിലുള്ളവർ 25 വയസിൽ താഴെയുള്ളവരാണ്. ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളെ ആശ്രയിച്ചാണ് പണമിടപാട്. ഇവരെല്ലാം എം.ഡി.എം.എ വാങ്ങി സുഹൃത്തുക്കളുമായി പങ്കിട്ട് ഉപയോഗിച്ചിരുന്നതാണ് വിവരം. ഇവരുടെ ഫോൺ എക്‌സൈസിന്റെ സൈബർ വിംഗിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. നാളെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.