
തൃശൂർ : കൃഷിമന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് അവരുടെ പ്രശ്‌നം നേരിട്ട് മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന കൃഷിദർശന് നാളെ തുടക്കം കുറിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. ഒല്ലൂക്കര ബ്ലോക്കിലാണ് നാളെ മുതൽ 29 വരെ സംസ്ഥാനത്തെ ആദ്യ കൃഷിദർശൻ നടക്കുക. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജൻ മണ്ണുത്തി വെറ്ററിനറി സർവകലാശാല ഗ്രൗണ്ടിൽ കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്ത് കൃഷിദർശൻ ആരംഭിക്കും. മേയർ എം.കെ.വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി എന്നിവർ പങ്കെടുക്കും. പ്രദർശനത്തിൽ കാർഷിക സർവകലാശാല ഉൾപ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങൾ, പൊതമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകളുണ്ടാകും. 29 ന് രാവിലെ 11ന് കൃഷിമന്ത്രി നേരിട്ട് ജില്ലയിലെ കർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കും. വൈകിട്ട് മൂന്നരയ്ക്ക് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കൃഷികൂട്ടങ്ങളുടെ സംഗമം നടക്കും. ഘോഷയാത്രയെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.