palam

തൃശൂർ: സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. നടത്തറ, ശ്രീധരിപ്പാലം ഭൂമി ഏറ്റെടുക്കൽ നടപടിയുടെ രേഖകൾ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ സർവേയുടെ ഭാഗമായി 4500ലധികം ഉദ്യോഗസ്ഥരെയാണ് താത്കാലികമായി നിയമിച്ചിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

ശ്രീധരിപ്പാലം നിർമ്മാണത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് 2.09 കോടിയാണ് കിഫ്ബി വഴി അനുവദിച്ചിട്ടുള്ളത്. ഈ ആക്ട് വന്നതിന് ശേഷമുള്ള ജില്ലയിലെ ആറാമത്തെ ഭൂമി ഏറ്റെടുക്കലാണിതെന്നും മന്ത്രി പറഞ്ഞു. പാലം യാഥാർത്ഥ്യമാകുന്നതോടെ നടത്തറ - പാണഞ്ചേരി പഞ്ചായത്തുകളെ കൂട്ടിയോജിപ്പിച്ച് കൊണ്ട് നഗരത്തിലേക്ക് എളുപ്പം പ്രവേശിക്കാനാകും. പൂച്ചെട്ടി മരത്താക്കര, കണ്ണാറ നടത്തറ റോഡുകളുടെ ബി.എം.ബി.സി നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, കളക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റെടുക്കുന്നത് 89.89 സെന്റ്

48 ഭൂവുടമകളിൽ നിന്നായി 89.89 സെന്റാണ് ഏറ്റെടുക്കുന്നത്. പൂർണമായി രേഖകൾ സമർപ്പിച്ച 44 കുടുംബങ്ങൾക്കുള്ള രേഖകളാണ് മന്ത്രി കൈമാറിയത്. ഇവർക്കുള്ള 1.5 കോടി നൽകിയിരുന്നു. ഒരാൾക്ക് വീട് വയ്ക്കുന്നതിനായി പുനരധിവാസ പാക്കേജ് പ്രകാരം 4.60 ലക്ഷം അനുവദിച്ചിട്ടുണ്ട്. കൃത്യമായ രേഖകൾ ഹാജരാക്കാത്തവർക്ക് 38 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചു.